
ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ അവസരം ലഭിക്കാത്തതിന് ബിസിസിഐക്കെതിരെ ആഞ്ഞടിച്ച ഇന്ത്യൻ പേസർ മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിലെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ചു. ഉത്തരാഖണ്ഡിനെതിരെ ബംഗാളിനായി ഇറങ്ങിയ താരം 10 ഓവർ എറിഞ്ഞ് 27 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
ചാമ്പ്യൻസ് ട്രോഫിയിലാണ് ഷമി ഇന്ത്യക്കായി അവസാനം കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചില്ല. താരത്തിന്റെ ഫിറ്റ്‌നസ് മോശമായത് കൊണ്ടാണ് അവസരം ലഭിക്കാത്തത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായങ്ങൾ. എന്നാൽ ഫിറ്റ്‌നസിന്റെ പേരിൽ തന്നെ ഒഴിവാക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് താരമിപ്പോൾ.
ഫിറ്റല്ലെങ്കിൽ താൻ എങ്ങനെ രഞ്ജി ട്രോഫിയിൽ കളിക്കുമെന്നാണ് ഷമി ചോദിക്കുന്നത്. ഞാൻ ഇക്കാര്യം മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ എന്റെ കൈകളിലല്ല. ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെങ്കിൽ, ഞാൻ ഇവിടെ പശ്ചിമ ബംഗാളിനു വേണ്ടി കളിക്കില്ല. ഇതിനെ കുറിച്ച് വിവാദമുണ്ടാക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. എന്നാലും എനിക്ക് നാല് ദിവസത്തെ മത്സരങ്ങൾ കളിക്കാൻ കഴിയുമെങ്കിൽ, 50 ഓവർ മത്സരവും കളിക്കാൻ സാധിക്കും.
എന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നൽകേണ്ടത് എന്റെ ജോലിയല്ല. എൻസിഎയിൽ (സെന്റർ ഓഫ് എക്സലൻസ്) പോയി മത്സരങ്ങൾക്കായി തയ്യാറാവുകയാണ് എന്റെ ജോലി. ഫിറ്റ്‌നെസിനെ കുറിച്ച് ഒരു അപ്ഡേറ്റ് നൽകുകയോ ഒരു അപ്ഡേറ്റ് ആവശ്യപ്പെടുകയോ ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമല്ല,' ഷമി പറഞ്ഞു.
നേരത്തെ ടെസ്റ്റ് ടീമിലും ഷമി അവഗണന നേരിട്ടിരുന്നു. ഐപിഎല്ലിൽ കളിച്ച ഷമി കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. രഞ്ജിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഷമിയിപ്പോൾ.
Content Highlights: Shami's brilliant performance in Ranji, replay to bcci