'സ്ത്രീകളുടെ വോട്ട് ലഭിച്ചാൽ മാത്രമേ വിജയിക്കൂ എന്ന് തിരിച്ചറിഞ്ഞു'; മോദിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

'തെരഞ്ഞെടുപ്പിന് തൊട്ട് മുന്നേ പണം നല്‍കുമ്പോള്‍ അതില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയണം'

'സ്ത്രീകളുടെ വോട്ട് ലഭിച്ചാൽ മാത്രമേ വിജയിക്കൂ എന്ന് തിരിച്ചറിഞ്ഞു'; മോദിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
dot image

പട്‌ന: നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മഹിളാ റോഗ്‌സാര്‍ യോജനയെയാണ് പ്രിയങ്ക വിമര്‍ശിച്ചത്. 10,000 രൂപ നല്‍കിയല്ല ബഹുമാനം വാങ്ങേണ്ടതെന്നും ഇത് പണം നല്‍കി വോട്ട് സ്വന്തമാക്കലാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി ബിഹാറിലെ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ബിഹാറില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിച്ചുവരികയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ബിഹാറില്‍ നടന്ന മഹിളാ സംവാദ് റാലിയില്‍ സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

'സ്ത്രീകളുടെ വോട്ട് ലഭിച്ചാല്‍ മാത്രമേ വിജയിക്കൂ എന്ന് അമിത് ഷായും മോദിയും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി രംഗത്തെത്തുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്നേ പണം നല്‍കുമ്പോള്‍ അതില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയണം. ജനങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ നിതീഷ് കുമാറിനെ പരാജയപ്പെടുത്തണം.' പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബിഹാറിലെ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ കൈമാറുന്ന പദ്ധതിയായ മഹിളാ റോഗ്‌സാര്‍ യോജനയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതിയില്‍ 75 ലക്ഷം വനിതകള്‍ക്ക് പണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം.

Content Highlight; Priyanka Gandhi says Modi’s ₹10,000 scheme for women is only to win votes

dot image
To advertise here,contact us
dot image