
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കര്‍ പ്രൈസ് ജേതാവുമായ സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. റുഷ്ദിയുടെ സൃഷ്ടിയായ 'ദ് സാത്താനിക് വേഴ്സസ്' എന്ന പുസ്തകം ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
അന്താരാഷ്ട്ര തലത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരമാണമായ റുഷ്ദിയുടെ നോവല്‍ ദൈവനിന്ദ നിറഞ്ഞതാണെന്നും ഇന്ത്യയില്‍ നിരോധിക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 1988ല്‍ കേന്ദ്ര സര്‍ക്കാര്‍ പുസ്തകത്തിന്റെ വില്‍പ്പന ഇന്ത്യയില്‍ നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജിയില്‍ കഴിഞ്ഞ നവംബറിലാണ് ഡല്‍ഹി ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചത്.
1988ല്‍ പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കോടതിയില്‍ ഹാജറാക്കാന്‍ കഴിയാതെ വന്നതോടെയാണ് ദ സാത്താനിക് വേഴ്‌സസിന്റെ നിരോധനം നീങ്ങിയത്. തുടര്‍ന്ന് നോവല്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ജിക്കാര്‍ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Content Highlight; Supreme Court rejects plea to ban Salman Rushdie's The Satanic Verses