ഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചെന്ന് മലയാളി വിദ്യാർത്ഥികൾ; പൊലീസ് മർദിച്ചെന്നും പരാതി

ഹിന്ദി സംസാരിക്കുന്നില്ല എന്ന പേരിലും മര്‍ദനം നേരിടേണ്ടി വന്നതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി

ഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചെന്ന് മലയാളി വിദ്യാർത്ഥികൾ; പൊലീസ് മർദിച്ചെന്നും പരാതി
dot image

ഡല്‍ഹി: ഡല്‍ഹിയില്‍ ആൾക്കൂട്ട ആക്രമണത്തിന് ഇരയായെന്ന ആരോപണവുമായി മലയാളി വിദ്യാർത്ഥികൾ രംഗത്ത്. റെഡ് ഫോര്‍ട്ടിന് സമീപമാണ് സംഭവം. സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ പൊലീസും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോട് സ്വദേശി സുധിന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഹിന്ദി സംസാരിക്കുന്നില്ല എന്ന പേരിലും മര്‍ദനം നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. റെഡ്‌ഫോര്‍ട്ടില്‍ നടക്കാനിറങ്ങിയപ്പോൾ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച്, ഐഫോൺ എന്നിവ വേണോ എന്ന് ചോദിച്ച് ഒരാള്‍ സമീപിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. വേണ്ടെന്ന് പറഞ്ഞതോടെ കച്ചവടക്കാരന്‍ മറ്റ് ആളുകളേയും കൂട്ടി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'കച്ചവടക്കാരന്‍ കൊണ്ടുവന്ന സാധനങ്ങള്‍ വേണ്ട എന്ന് പറഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നടന്നു. അല്‍പ്പ സമയത്തിന് ശേഷം ഇയാള്‍ കുറച്ച് ആളുകളെയും കൂട്ടി വരികയായിരുന്നു. എന്നിട്ട് ഒരു ഫേക്ക് സ്‌ക്രീന്‍ഷോട്ട് കാണിച്ച് ഈ ഫോണ്‍ തങ്ങൾ അയാളുടെ കയ്യില്‍ നിന്ന് വാങ്ങിയതാണെന്നും തിരിച്ച് വേണമെന്നും പറഞ്ഞു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന സുഹൃത്ത് അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ കയറി സഹായം ചോദിച്ചു. എന്നാല്‍ അവന്‍ ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി പറഞ്ഞതിനാല്‍ അവര്‍ക്ക് മനസിലായില്ല. അപ്പോഴേക്കും ആള്‍ക്കൂട്ടം പൊലീസിനോട് സംസാരിക്കുകയും അതിന് ശേഷം പൊലീസ് ഞങ്ങളെ മര്‍ദിച്ച് എന്റെ ഫോണ്‍ എടുത്ത് അവര്‍ക്ക് കൊടുത്തിട്ട് ഞങ്ങളോട് പോകാന്‍ പറഞ്ഞു', സുധിന്‍ പറഞ്ഞു.

'പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ കയറിയ എനിക്ക് മര്‍ദനമേറ്റു. ഒരു നിമിഷം എനിക്ക് ഇത് ഫേക്ക് പൊലീസാണോ എന്ന് പോലും തോന്നിയിരുന്നു. നമ്മുടെ നാട്ടിലൊന്നും പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നില്ലല്ലോ. പൊലീസുകാര്‍ ഫൈബര്‍ സ്റ്റിക്ക് ഉപയോഗിച്ച് അടിക്കുകയും പിന്നീട് മറ്റൊരു പ്രധാനപ്പെട്ട സ്റ്റേഷനില്‍ കൊണ്ടുപോയി സ്‌റ്റേഷന് അകത്ത് വച്ച് പൊലീസുകാരും പൊലീസ് അല്ലാത്ത ആളുകളും പോലും വന്ന് രണ്ടര മണിക്കൂറോളം ക്രൂര മര്‍ദനത്തിനിരയാക്കി. ഹിന്ദി പറയൂ എന്ന് പറഞ്ഞും വല്ലാതെ ഉപദ്രവിച്ചു.' മര്‍ദനമേറ്റ അശ്വന്ത് പറഞ്ഞു.

പിന്നീട് സീനിയേഴ്‌സിനെ വിളിച്ച് സംഭവം പറഞ്ഞതോടെ അവരെത്തിയതിന് ശേഷമാണ് തങ്ങളെ പുറത്ത് വിട്ടതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇനി ഒരു വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാകരുതെന്നും അതിനാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോണ്‍ ബ്രിട്ടാസ് എംപി ഡല്‍ഹി പൊലീസിന് കത്തയച്ചിട്ടുണ്ട്.

Content Highlight; Malayali students brutally assaulted in Delhi over theft allegations

dot image
To advertise here,contact us
dot image