
പല പാശ്ചാത്യ രാജ്യങ്ങളിലും മദ്യപിക്കുന്നത് ഒരു സോഷ്യലൈസിങ്ങിന്റെ ഭാഗമാണ്. വൈകുന്നേരങ്ങളില്‍ പബ്ബിലോ, ബാറിലോ പോയി സുഹൃത്തുക്കള്‍ ഒന്നിച്ച് മദ്യപിക്കുന്നതും സൊറ പറഞ്ഞിരിക്കുന്നതും പീനട്‌സ് കൊറിക്കുന്നതുമെല്ലാം അവിടെ സാധാരണമാണ്. പാശ്ചാത്യര്‍ പൊതുവെ ആരോഗ്യകാര്യത്തില്‍ ഉത്കണ്ഠയുള്ളവരായതിനാല്‍ തന്നെ മദ്യത്തോടൊപ്പം അമിതമായി അവര്‍ ഭക്ഷണം കഴിക്കാറില്ല. തന്നെയുമല്ല അവര്‍ സാധാരണയായി കഴിക്കുന്ന വൈന്‍, ബിയര്‍, ലൈറ്റ് ആയിട്ടുള്ള കോക്ടെയ്ല്‍ എന്നിവയില്‍ ആല്‍ക്കഹോള്‍ കുറവായിരിക്കുകയും ചെയ്യും.
എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം മദ്യപാനം പാര്‍ട്ടികളുടെ ഭാഗമാണ്. പാര്‍ട്ടികളില്‍ മദ്യത്തിനൊപ്പം ഭക്ഷണത്തിനും ഒഴിച്ചുകൂടാനാകാത്ത പങ്കാണ് ഉള്ളത്. അതിനാല്‍ തന്നെ മദ്യത്തിനൊപ്പം നല്ല രീതിയില്‍ ഇന്ത്യക്കാര്‍ ഭക്ഷണവും അകത്താക്കും. വിസ്‌കിയും റമ്മും ബിയറുമാണ് സാധാരണയായി ഇന്ത്യക്കാര്‍ അകത്താക്കാറുള്ളത്. ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് കൂടുതലാണ്.
ആഹാരം കഴിക്കാതെ വെറും വയറ്റില്‍ മദ്യപിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നുമാണ് പരക്കെ വിശ്വസിക്കുന്ന കാര്യവും. അതിനാല്‍ തന്നെ മദ്യപിക്കുന്നതിന് മുമ്പായും അതിനൊപ്പം നല്ലരീതിയില്‍ തന്നെ ഭക്ഷണം കഴിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രമല്ല മദ്യപിക്കുന്നതിനൊപ്പം വിശപ്പ് അധികരിക്കും. എന്താണ് ഇതിന് കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..
എന്തുകൊണ്ടാണ് മദ്യം വിശപ്പ് വര്‍ധിപ്പിക്കുന്നത് പലതരം പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപിക്കുന്നതിന്റെ ഇംപാക്ട് ഹൈപ്പോതലാമസില്‍ ഉണ്ടാകുമത്രേ. വിശപ്പ്, താപനില എന്നിവയെ നിയന്ത്രിക്കുന്ന ഭാഗമാണ് ഹൈപ്പോതലാമസ്. 2017ല്‍ നടന്ന ഒരു പഠനത്തില്‍ മദ്യം ചില ന്യൂറോണുകളെ ആക്ടിവേറ്റ് ചെയ്യുന്നു അത് വിശപ്പിനെ ദ്യോതിപ്പിക്കുകയും സ്വാഭാവികമായും ഭക്ഷണം കഴിക്കാന്‍ തോന്നുകയും ചെയ്യും.
മദ്യം രുചിയോടും മണത്തോടുമുള്ള സംവേദനക്ഷമത വര്‍ധിപ്പിക്കും. സ്വാഭാവികമായും ഭക്ഷണം കൂടുതല്‍ രുചികരമായി അനുഭവപ്പെടും. ഇതും ഹൈപ്പോതലമസുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്.
മദ്യപിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റമുണ്ടാക്കും. ഇത് ഉന്മേഷം കുറയുന്നതിലേക്ക് നയിക്കും. ഇത് തലച്ചോറിലേക്ക് നല്‍കുക വിശപ്പിന്റെ സിഗ്നലാണ്. മധുരമുള്ള, ഉപ്പുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാനായി തോന്നും.
മദ്യപിക്കുന്നതോടെ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടും. തീരുമാനമെടുക്കാന്‍ കഴിയാതെ വരും. അതിനാല്‍ ഉയര്‍ന്ന കാലറിയുള്ള ഭക്ഷണം കഴിക്കാനോ, ജങ്ക്ഫുഡ് കഴിക്കാനോ തോന്നും. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല.
2017ല്‍ നാച്വര്‍ കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ എലികളില്‍ മദ്യം നല്‍കി പരീക്ഷണം നടത്തിയിരുന്നു. ഇത് തലച്ചോറില്‍ വിശപ്പുമായി ബന്ധപ്പെട്ട ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. 2015ല്‍ നടത്തിയ പഠനത്തില്‍ മദ്യപാനത്തിന് ശേഷം ആളുകള്‍ കൂടുതല്‍ കാലറി അടങ്ങിയ ഉപ്പുള്ള, കൊഴുപ്പ് ധാരാളമടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് മദ്യം വിശപ്പ് വര്‍ധിപ്പിക്കുക മാത്രമല്ല, ഭക്ഷണശീലം പോലും മാറ്റം വരുത്തുന്നായി കണ്ടെത്തിയിരുന്നു.
Content Highlights: Why Drinking Alcohol Increases Your Desire for Food