
ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. വോട്ടര്‍ പട്ടിക രണ്ട് വര്‍ഷം കൂടും തോറും പുതുക്കണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. വോട്ട് ഇരട്ടിപ്പ്, മരിച്ചുപോയ വോട്ടര്‍മാര്‍, സ്ഥലം മാറിപ്പോയവര്‍ അടക്കം പട്ടികയില്‍ ഉണ്ടാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുതാര്യമായി വേണം വോട്ടര്‍ പട്ടിക പരിഷ്‌കരിക്കേണ്ടത്. വിശാലമായ കാഴ്ചപ്പാടില്‍ പരിഗണിക്കേണ്ട വിഷയമാണിതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വ്യാപകമായി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ബിജെപിക്ക് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിന് പുറമേ വോട്ടര്‍ പരിഷ്‌കരണത്തിന്റെ മറവില്‍ പൗരത്വ രജിസ്‌ട്രേഷന്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിരുന്നു. വോട്ട് മോഷണം അടക്കം ഉയര്‍ത്തി ബിഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാറാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു റാലി സംഘടിപ്പിച്ചത്. ബിഹാറിലെ 20 ജില്ലകളിലൂടെ 1300 കിലോമീറ്ററായിരുന്നു റാലി കടന്നുപോയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ലാലു പ്രസാദ് യാദവ്, ദീപാന്‍കര്‍ ഭട്ടാചാര്യ അടക്കമുള്ളവര്‍ റാലിക്ക് പിന്തുണയുമായി എത്തിയിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ ശക്തമായി നിലയുറപ്പിക്കുമ്പോഴാണ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മുന്‍പ് ശശി തരൂര്‍ സ്വീകരിച്ച പല നിലപാടുകളും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. ഒരിടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള തരൂരിന്റെ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്താവസ്ഥയ്‌ക്കെതിരെ തരൂര്‍ 'പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ്' എന്ന പ്രസിദ്ധീകരണത്തില്‍ എഴുതിയ കുറിപ്പും വലിയ വിവാദമായിരുന്നു. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടു എന്നായിരുന്നു തരൂര്‍ പറഞ്ഞത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന് പറഞ്ഞ തരൂര്‍ ഇന്ന് കൂടുതല്‍ ശക്തമായ ജനാധിപത്യമുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന നിലപാടുകള്‍ സ്വീകരിച്ചതോടെ തരൂരിനെതിരെ ഹൈക്കമാന്‍ഡില്‍ അമര്‍ഷം ഉയര്‍ന്നിരുന്നു. തരൂരിനെ കയറൂരി വിടരുതെന്നും മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ ഇകഴ്ത്തിയുമുള്ള പ്രതികരണങ്ങള്‍ ഗൗരവമായി കാണണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ തരൂര്‍ തന്നെ അത് തള്ളി രംഗത്തെത്തിയിരുന്നു.
Content Highlights- Congress mp shashi tharoor support to bihar sir