അറുപത് കോടിയുടെ വഞ്ചനാക്കുറ്റം; ശിൽപാ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

രാജേഷ് ആര്യയെന്ന ആളാണ് ശില്‍പയെയും ഭർത്താവിനെയും വ്യവസായിയായ ദീപക്ക് കോത്താരിക്ക് പരിചയപ്പെടുത്തിയത്

അറുപത് കോടിയുടെ വഞ്ചനാക്കുറ്റം; ശിൽപാ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്
dot image

മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്. അറുപത് കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കരാറിലാണ് ഇപ്പോൾ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഈ കമ്പനി പ്രവർത്തന രഹിതമാണ്. സിറ്റി പൊലീസിൻ്റെ എക്കണോമിക്ക് ഒഫൻസ് വിങ്ങാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിരന്തരമായി ശിൽപയും കുന്ദ്രയും അന്താരാഷ്ട്ര യാത്രകൾ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് ജുഹു പൊലീസ് സ്റ്റേഷനിൽ ശിൽപയ്ക്കും കുന്ദ്രയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലോൺ-നിക്ഷേപ കരാറിൽ ഒരു ബിസിനസുകാരനെ അറുപത് കോടി പറ്റിച്ചതായാണ് കേസ്.

2015നും 2023നുമിടയിൽ ബിസിനസ് വിപുലീകരിക്കാനായി നൽകിയ തുക വ്യക്തിപരമായ ആവശ്യങ്ങൾക്ക് വകമാറ്റി ചിലവഴിച്ചെന്ന് ആരോപിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ദീപക്ക് കോത്താരിയാണ് ശിൽപയ്ക്കും ഭർത്താവിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദമ്പതികൾ ബെസ്റ്റ് ഡീൽ ടിവി ഷെയറിന്റെ 87.6 ശതമാനവും നിയന്ത്രിക്കുന്ന സമയത്ത് രാജേഷ് ആര്യയെന്ന ആളാണ് ഇരുവരെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ഡയറക്ടർ കൂടിയായ കോത്താരി പറയുന്നു.

ശിൽപയും ഭർത്താവും 12 ശതമാനം പലിശയിൽ 75 കോടിയുടെ ലോണാണ് ആദ്യം ആവശ്യപ്പെട്ടതെന്നും പിന്നീട് നികുതി കുറയ്ക്കാൻ ഈ ഫണ്ട് ഇൻവെസ്റ്റ്‌മെന്റായി നൽകിയാൽ മതിയെന്ന നിലയിലേക്ക് തീരുമാനം എടുത്തുവെന്നും അദ്ദേഹം പറയുന്നു. മാസാമാസം കൃത്യമായി തിരിച്ചടവ് ഉണ്ടാവുമെന്നതായിരുന്നു ഇരുവരും കോത്താരിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. 2016 ഏപ്രിലിൽ ഇതുമായി ബന്ധപ്പെട്ട് ശിൽപാ ഷെട്ടി അദ്ദേഹത്തിന് പേഴ്‌സണൽ ഗ്യാരന്റി എഴുതി നൽകുകയും ചെയ്തു. എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ ശിൽപ ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. പിന്നീടാണ് ഈ കമ്പനിക്കെതിരെ 1.28 കോടിയുടെ പാപ്പരത്ത കേസ് നടക്കുന്നതായി താൻ അറിഞ്ഞതെന്ന് കോത്താരി പറയുന്നു.

ശിൽപയുടെയും ഭർത്താവിന്റെയും വാക്ക് വിശ്വസിച്ചാണ് 2015 ഏപ്രിലിൽ ഷെയർ സബ്‌സ്‌ക്രിപ്ഷൻ എഗ്രിമെന്റ് പ്രകാരം 31.95 കോടിയും അതേവർഷം സെപ്തംബറിൽ സപ്ലിമെന്ററി എഗ്രിമെന്റിൽ 28.53കോടിയും ദമ്പതികൾക്ക് കൈമാറിയതെന്നാണ് കോത്താരി പറയുന്നത്. കമ്പനിയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത്.

2016 സെപ്തംബറിൽ ശിൽപാ ഷെട്ടി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മറ്റൊരു കരാർ ലംഘനത്തിന് 2017ലാണ് സ്ഥാപനം കേസിൽപ്പെട്ടത്. ദമ്പതികളെ തനിക്ക് പരിചയപ്പെടുത്തിയ ആര്യ വഴി പണം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് നിയമപരമായി നീങ്ങിയതെന്ന് കോത്താരി പറയുന്നു.

Content Highlights: Look Out Circular against Shilpa Shetty and Raj Kundra on 60 crore cheating case

dot image
To advertise here,contact us
dot image