
ന്യൂഡല്‍ഹി; മദ്യപിച്ചെത്തി ഡല്‍ഹി- കൊല്‍ക്കത്ത വിമാനത്തില്‍ ബഹളമുണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇന്‍ഡിഗോ 6E6571 വിമാനത്തില്‍ ഇന്നലെയായിരുന്നു സംഭവം. വ്യോമയാന പ്രോട്ടോകോള്‍ അനുസരിക്കാത്ത യാത്രക്കാരനെ കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ക്യാബിന്‍ ക്രൂവിനോടും സഹ യാത്രികരോടും ഇയാള്‍ മോശമായി പെരുമാറി.
മദ്യപിച്ച് വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ ഉടന്‍ തന്നെ 'ഹര ഹര മഹാദേവ' ചൊല്ലണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാള്‍ തര്‍ക്കിച്ചു. വിമാനം പറന്ന് ഉയര്‍ന്നതോടെ ഇയാള്‍ ശീതളപാനീയത്തിന്റെ കുപ്പിയില്‍ ഒളിപ്പിച്ച മദ്യമെടുത്ത് കുടിക്കുകയായിരുന്നു. തുടർന്ന് വിമാനം കൊല്‍ക്കത്തയില്‍ എത്തിയതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍, താന്‍ 'ഹര ഹര മഹാദേവ' ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് യാത്രക്കാരന്‍ വ്യക്തമാക്കി. മതപരമായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും യാത്രയ്ക്കിടയില്‍ മദ്യപിച്ചിട്ടില്ലെന്നുമായിരുന്നു ഇയാളുടെ വാദം. വിമാനത്തില്‍ കയറും മുന്‍പ് ബിയര്‍ കുടിച്ചിരുന്നു എന്നും അതിന്റെ റസീപ്റ്റ് കയ്യില്‍ ഉണ്ടെന്നും യാത്രക്കാരന്‍ പറഞ്ഞു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും പരാതി കൊടുത്തിട്ടുണ്ട്.
Content Highlight; Drunk passenger disrupts Kolkata-Delhi IndiGo flight