
ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളെ പോലെ യുട്യൂബിനും ഫാമിലി പ്ലാന്‍ ഉള്ളത് എല്ലാവര്‍ക്കും അറിയാം. യുട്യൂബിലെ പ്രീമിയം കൊണ്ടന്റുകള്‍ കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്ക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന പ്ലാനായിരുന്നു ഇത്. 299 രൂപയുടെ ഈ പ്ലാനില്‍ ബാക്ക്ഗ്രൗണ്ട് പ്ലേ, ആഡ് ഫ്രീ വീഡിയോ സ്ട്രീമിങ്, വീഡിയോ സെഗ്മെന്റുകള്‍ സ്‌കിപ് ചെയ്യാനുള്ള ഒപ്ഷന്‍, സ്മാര്‍ട് ഡൗണ്‍ലോഡ്‌സ് തുടങ്ങി വിവിധ ഫീച്ചറുകളാണ് ഉള്ളത്.
ഈ അഞ്ചുപേരും ഒരു വീട്ടില്‍ താമസിക്കുന്നവരായിരിക്കണമെന്ന് യുട്യൂബ് നേരത്തേയും പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് ചെയ്യുന്നത് പോലെ ഒരേ അഡ്രസ് പങ്കുവയ്ക്കാത്ത അക്കൗണ്ടുകള്‍ ഫ്‌ളാഗ് ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ് യുട്യൂബ്. യുട്യൂബ് ഇതിനകം തന്നെ ഇതുസംബന്ധിച്ച് മെയിലുകള്‍ അയച്ചുതുടങ്ങിയതായാണ് വിവരം.
'യുട്യൂബ് പ്രീമിയം ഫാമിലി മെമ്പര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരേ വീട്ടില്‍ തന്നെ ഉള്ളവരായിരിക്കണം. എന്നാല്‍ നിങ്ങള്‍ അങ്ങനെയല്ലെന്നാണ് ഫാമിലി മാനേജരില്‍ നിന്ന് മനസ്സിലാകുന്നത്. അതിനാല്‍ നിങ്ങളുടെ അംഗത്വം 14 ദിവസത്തേക്ക് താല്ക്കാലികമായി റദ്ദാക്കും. നിങ്ങളുടെ ആക്‌സസ് താല്ക്കാലികമായി നിര്‍ത്തലാക്കിയാല്‍ ഫാമിലി ഗ്രൂപ്പില്‍ തന്നെ നിങ്ങള്‍ക്ക് തുടരാനാകും. യുട്യൂബ് വീഡിയോകള്‍ പരസ്യങ്ങളുള്‍പ്പെടെ നിങ്ങള്‍ക്ക് കാണാനാകും. എന്നാല്‍ യുട്യൂബ് പ്രീമിയം ബെനെഫിറ്റുകള്‍ ലഭ്യമായിരിക്കില്ല.' എന്നാണ് മെയിലിന്റെ ഉള്ളടക്കം.
എല്ലാ 30 ദിവസം കൂടുമ്പോഴും ഫാമിലി പ്ലാനിലുള്ള അഞ്ചുപേരും ഒരേ വീട്ടില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുന്ന ഇലക്ട്രോണിക് അഡ്രസ് പരിശോധന നടത്തുമെന്നും യുട്യൂബ് പറയുന്നു. ഒരിക്കല്‍ ഫ്‌ളാഗ് ചെയ്യപ്പെട്ടാല്‍ അവര്‍ക്ക് അംഗങ്ങളെ നിര്‍ത്താനാവും എന്നാല്‍ പ്രീമിയം ബെനെഫിറ്റുകള്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍ യോഗ്യത സ്ഥിരീകരിച്ചുകൊണ്ട് ആക്‌സസ് തുടരുന്നതിനുള്ള ഒപ്ഷനും ഗൂഗിളില്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഒരു മെയില്‍ ഒരുപാട് പേര്‍ക്കൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ജ്യോഗ്രഫിക്കല്‍ ലൊക്കേഷന്‍ നിയന്ത്രണങ്ങള്‍ ഭാവിയില്‍ കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: YouTube Premium Family Plan Rule: Same Household Required for Benefits