
തെരുവുനായകൾ ഉയർത്തുന്ന സുരക്ഷാഭീഷണിയെക്കുറിച്ചും മറ്റും വലിയ ചർച്ചകൾ നടക്കുന്ന കാലമാണ്. നിരവധി പേർക്കാണ് ഒരു ദിവസം മാത്രം തെരുവുനായകളുടെ കടിയേൽക്കുന്നത്. ഇതിനിടെ ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിധിന്യായത്തിന്മേൽ ഉണ്ടായ പ്രതിഷേധം വേറെ. രാഷ്ട്രീയനേതാക്കളടക്കം നിരവധി പേരാണ് ഈ വിഷയത്തിൽ സുപ്രീംകോടതിക്കെതിരെ രംഗത്തുവന്നത്. ഇത്തരത്തിൽ നായകളോട് സ്നേഹമുള്ളവർ അനവധി പേർ നമുക്കിടയിലുണ്ട്. അത്തരത്തിലൊരാളാണ് ബിസിനസുകാരനായ ജഗ്ജിത് സിങ്. തെരുവുനായ്ക്കൾക്കായി കുഞ്ഞു 'ബെഡ്റൂമു'കൾ ഉണ്ടാക്കിയാണ് ജഗ്ജിത് ശ്രദ്ധ നേടിയത്.
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുള്ള ഒരു വ്യവസായിയാണ് ജഗ്ജിത് സിങ്. ഒന്നും രണ്ടുമല്ല 11000 തെരുവുനായ്ക്കൾക്കാണ് ജഗ്ജിത് സുരക്ഷിതമായി കിടക്കാൻ ഒരു സ്ഥലമൊരുക്കിയത്. കഥ ഇങ്ങനെയാണ്, ആറ് വർഷം മുൻപ് കോരിച്ചൊരിയുന്ന മഴയത്ത് തണുത്ത വിറച്ച് നിൽക്കുന്ന ഒരു പട്ടിക്കുട്ടിയെ ജഗ്ജിത് കാണാനിടയായി. നോക്കിനിൽക്കെ പട്ടിക്കുട്ടി അടുത്തുകണ്ട ഒരു ഡ്രമ്മിന്റെ ഉള്ളിലേക്ക് നൂഴ്ന്നുകയറി. ഈ കാഴ്ച ജഗ്ജിതിന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു.
ഇതിൽ നിന്നാണ് ജഗ്ജിതിന് ഒരു ആശയം ലഭിച്ചത്. ജഗ്ജിത് ഉപയോഗശൂന്യമായ ഇത്തരം ഡ്രമ്മുകൾ കണ്ടെത്തി. ശേഷം അതിൽ ചെറിയ ഒരു കിടക്ക വെച്ച ശേഷം നായ്ക്കളുടെ എടുത്തുവെച്ചു. ചുരുക്കിപ്പറഞ്ഞാൽ ജഗ്ജിത് അവർക്കൊരു ചെറിയ ബെഡ്‌റൂം തന്നെ നിർമിച്ചുനൽകി. ആദ്യം നാൾ തെരുവുനായകളിലാണ് ജഗ്ജിത് ഈ ആശയം പരീക്ഷിച്ചത്. അവർ ഇഷ്ടപ്പെടുന്നുവെന്ന് കണ്ടതോടെ ജഗ്ജിത് അത് വ്യാപിപ്പിച്ചു. നിലവിൽ 11000 തെരുവുനായ്ക്കൾക്കാണ് ജഗ്ജിത് ഇത്തരത്തിൽ ചെറിയ 'ബെഡ്‌റൂം' നിർമിച്ചുനൽകിയത്. ആളുകൾ കളയാൻ വെച്ചിരിക്കുന്ന പെയിന്റ് ഡ്രമ്മുകളിലാണ് ജഗ്ജിത് ഈ രീതി പരീക്ഷിച്ചത്.
ജഗ്ജിത് ചെയ്ത ഈ കാര്യത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ചിലർ വിമർശിച്ചും ചിലർ അനുകൂലിച്ചും രംഗത്തുണ്ട്. തെരുവുനായ്ക്കൾ ശല്യമാണെന്നും എന്തിനാണ് സംരക്ഷിക്കുന്നത് എന്നുമാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ജഗ്ജിത് ചെയ്ത ഈ പ്രവൃത്തിക്ക് അനുഗ്രഹം ചൊരിയുന്നവരും നിരവധിയാണ്.
Content Highlights: jagjith singh offered shelter to 11000 stray dogs