
ഇന്ത്യൻ റെയിൽവെയുടെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം ഓടിത്തുടങ്ങുമെന്ന് സൂചന. നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സെപ്റ്റംബറിൽ വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുമെന്ന് പാർലമെന്റിൽ അറിയിച്ചിരുന്നു. ഇപ്പോൾ ഈ നീക്കത്തിന് വേഗം കൂടുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം റെയിൽവേ നേരത്തെത്തന്നെ പൂർത്തീകരിച്ചിരുന്നു. മുംബൈ അഹമ്മദാബാദ് പാതയിലായിരുന്നു ട്രയൽ റൺ നടന്നത്. എന്നാൽ അതിന് ശേഷം ട്രെയിൻ എന്ന് ഔദ്യോഗികമായി ഓടിത്തുടങ്ങുമെന്ന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. രാജധാനി ശ്രേണിയിലുള്ള പ്രീമിയം ട്രെയിനായാണ് വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുക. പ്രീമിയം ട്രെയിൻ ആയതിനാൽ ഭക്ഷണമടക്കം എല്ലാം ടിക്കറ്റ് നിരക്കുകളിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ടാകും.
രാത്രിയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക എന്നാണ് സൂചന. പ്രീമിയം സൗകര്യങ്ങളാണ് ട്രെയിനിൽ ഉള്ളത്. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും. പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ ബാത്റൂമുകളായിരിക്കും ട്രെയിനിൽ ഉണ്ടാകുക.
ഇതിനിടെ, ഒഡീഷയായിരിക്കും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ലഭിക്കുന്ന സംസ്ഥാനം എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറാണ് ഉയർന്നുകേൾക്കുന്ന മറ്റൊരു പേര്. വന്ദേ ഭാരതിനെപ്പോലെ ഓട്ടോമാറ്റിക്ക് ട്രെയിൻ ഡോറുകൾ ട്രെയിനിൽ ഉണ്ടാകും. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, മുകളിലെ ബർത്തുകളിലേക്ക് ആയിരം സൗകര്യപ്രദമായ ചവിട്ടുപടികൾ തുടങ്ങി എല്ലാം ട്രെയിനിൽ ഉണ്ടാകും. എസി ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേർഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ ഉണ്ടാകുക.
Content Highlights: india's first vande bharat sleeper to launch by this month