
ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ മുഴുവൻ ഫോർമാറ്റുകളിൽ നിന്നും താരം പടിയിറങ്ങി. വിരമിക്കൽ കുറിപ്പിൽ ബിഗ് ബാഷ് ലീഗടക്കം ലോകത്തിലെ വിവിധ ലീഗുകളിൽ കളിക്കണമെന്ന താൽപര്യം അശ്വിൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരം ബിബിഎല്ലിലേക്കെത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ് ഇപ്പോൾ.
ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീൻബർഗ് അശ്വിനുമായി നിലവിൽ ചർച്ച നടത്തി വരികയാണ്. 'അശ്വിനെ പോലെ മികച്ച കളിക്കാർ ബിബിഎല്ലിൽ കളിക്കാനെത്തുന്നത് വലിയ നേട്ടമാണ്. അദ്ദേഹമൊരു ചാമ്പ്യൻ ക്രിക്കറ്ററാണ്'- ഗ്രീൻബർഗ് പറഞ്ഞു.
നിലവിൽ ടീമുകളുമായി ചർച്ചകളൊന്നും നടന്നിട്ടില്ല. എന്നാൽ മെൽബൺ കേന്ദ്രീകരിച്ചുള്ള മെൽബൺ സ്റ്റാർസ് അല്ലെങ്കിൽ മെൽബൺ റെനെഗാഡ്‌സ് ഈ രണ്ട് ടീമുകളിൽ ഒന്നുമായി താരം കരാർ ഒപ്പുവക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു ടീമുകളും താരത്തിനായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.
ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ ലീഗിൽ കളിക്കാൻ നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അശ്വിൻ പറഞ്ഞിരുന്നു. അതേ സമയം ഐപിഎൽ പോലെയുള്ള മൂന്ന് മാസം നീണ്ടുനിൽക്കുന്ന വലിയ ലീഗിൽ കളിക്കാൻ 38 കാരനായ തന്റെ ആരോഗ്യം അനുവദിക്കുന്നില്ലെന്നാണ് വിരമിക്കൽ കാരണമായി അശ്വിൻ പറഞ്ഞത്.