
ബെംഗളൂരു: പ്രസവിക്കാന്‍ നല്ല ആശുപത്രി പോലുമില്ലാതെ നാട്ടിലെ സ്ത്രീകള്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ വനിത മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര കന്നഡയിലെ ഹലിയാല്‍ എംഎല്‍എയുമായ ആര്‍ വി ദേശ്പാണ്ഡെയാണ് വാര്‍ത്താ സമ്മേളനത്തിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചത്. ജോയ്ഡയില്‍ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്നും അതില്ലാത്തതിനാല്‍ ഗര്‍ഭിണികളടക്കം കഷ്ടപ്പെടുകയാണെന്നുമാണ് മാധ്യമ പ്രവര്‍ത്തക ചൂണ്ടിക്കാട്ടിയത്. 'നിനക്ക് കുട്ടിയുണ്ടാകേണ്ട സമയത്ത് ഞാന്‍ ഒരെണ്ണം ഉണ്ടാക്കിത്തരാം' എന്നായിരുന്നു അശ്ലീല ചിരിയോടെ ദേശ്പാണ്ഡെ ഇതിന് മറുപടി നല്‍കിയത്.
അതേസമയം, എംഎല്‍എയുടെ പരാമര്‍ശത്തില്‍ കനത്ത പ്രതിഷേധമുയരുകയാണ്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളാണ് എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും പരസ്യമായി മാപ്പ് പറയണമെന്നും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടു. ദേശ്പാണ്ഡെയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു.
എംഎല്‍എയുടെ മനഃസ്ഥിതിയെക്കുറിച്ച് മനസിലാകുന്നില്ല എന്നായിരുന്നു ജനതാദള്‍(എസ്) പ്രതികരിച്ചത്. 'ഒരു നാട്ടില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്ന് പറയുന്ന മാധ്യമ പ്രവര്‍ത്തകയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. ഇങ്ങനെയാണോ സ്ത്രീകളെ ബഹുമാനിക്കുക' ദേശ്പാണ്ഡെ എത്രയും വേഗത്തില്‍ പ്രതികരിക്കണമെന്നും ജനതാദള്‍(എസ്) പ്രസ്താവനയില്‍ പറയുന്നു.
മോദിയുടെ അമ്മയെ അപമാനിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോടും അപമര്യാദ തുടരുകയാണെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാലയുടെ പ്രതികരണം. പുരുഷന്മാരായ മാധ്യമപ്രവര്‍ത്തകരോടാണെങ്കില്‍ ഇത്തരത്തില്‍ പെരുമാറുമോ എന്നും തൊഴിലിനിറങ്ങുമ്പോള്‍ പോലും നേതാക്കളില്‍ നിന്നും ഇത്തരം മോശം അനുഭവമാണ് ഉണ്ടാകുന്നത് എന്നും ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും സ്ത്രീപക്ഷ സംഘടനകള്‍ വ്യക്തമാക്കി.
Content Highlight; Congress MLA’s sexist remark on female journalist sparks outrage