
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രധാന മാറ്റവുമായി കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2024 ഡിസംബര്‍ 31-നോ അതിനു മുന്‍പോ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. നേരത്തെ 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്കായിരുന്നു പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കുക. എന്നാല്‍ ഇത് പുതുക്കി 2024 ഡിസംബര്‍ 31 ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ 2024 വരെ ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബിഹാറിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര നീക്കം.
2025-ല്‍ നടപ്പാക്കിയ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം പുറപ്പെടുവിച്ച സുപ്രധാന ഉത്തരവ്, 2014-ന് ശേഷം ഇന്ത്യയിലേക്ക് എത്തിയ പാകിസ്താനില്‍ നിന്നുള്‍പ്പെടെയുളള ഹിന്ദുക്കള്‍ക്ക് ആശ്വാസമാകും. 2019-ലാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. അയല്‍ രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനം നേരിടുന്ന ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. സിഎഎ മുസ്‌ലിങ്ങളുള്‍പ്പെടെയുളള പൗരന്മാരെ ബാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം, നിയമപ്രകാരം ഇതുവരെ മൂന്ന് വിദേശികള്‍ക്കു മാത്രമേ അസം പൗരത്വം നല്‍കിയിട്ടുളളുവന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. സംസ്ഥാനത്ത് ആക 12 അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ ഒമ്പത് അപേക്ഷകള്‍ ഇപ്പോഴും പരിഗണനയിലാണെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.
Content Highlights: CAA Cut off date extended, minorities except muslims who came to india by 2024 can stay on