ചിരിച്ചപ്പോള്‍ വിമര്‍ശിച്ചു, മിണ്ടാതിരുന്നപ്പോൾ കളിയാക്കി, അമ്മയുടെ മരണശേഷം ആളുകള്‍ ചെളിവാരിയെറിഞ്ഞു: ജാൻവി

'ഞങ്ങള്‍ എന്തിലൂടെയാണ് കടന്ന്‌പോയതെന്ന് ആര്‍ക്കും മനസിലാകുമെന്ന് ഞാന്‍ കരുതുന്നില്ല'

ചിരിച്ചപ്പോള്‍ വിമര്‍ശിച്ചു, മിണ്ടാതിരുന്നപ്പോൾ കളിയാക്കി, അമ്മയുടെ മരണശേഷം ആളുകള്‍ ചെളിവാരിയെറിഞ്ഞു: ജാൻവി
dot image

അമ്മ ശ്രീദേവിയുടെ മരണശേഷം താനും കുടുംബവും നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നതെന്ന് നടി ജാന്‍വി കപൂര്‍. ആദ്യ സിനിമയായ ധഡക്കിൻ്റെ പ്രചാരണത്തിനിടെ താന്‍ ചിരിച്ചപ്പോള്‍ തന്നെ ആളുകള്‍ കളിയാക്കിയെന്ന് ജാന്‍വി പറഞ്ഞു. അമ്മയുടെ മരണം ചിലര്‍ക്ക് മീം ഉണ്ടാക്കാനുള്ള വിഷയമായി മാറിയെന്നും നടി പറഞ്ഞു. വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ശ്രീദേവിയുടെ പെട്ടെന്നുള്ള മരണത്തിന് തൊട്ടുപിന്നാലെയാണ് കപൂര്‍ തന്റെ ആദ്യ ചിത്രമായ 'ധഡക്'ന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തത്. 'പ്രചാരണത്തിനിടെ ചിരിച്ചപ്പോള്‍ അമ്മ മരിച്ചതില്‍ എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ചിലര്‍ വിമര്‍ശിച്ചു. മിണ്ടാതിരുന്നപ്പോള്‍, ഞാന്‍ വികാരരഹിതയാണെന്ന് അവര്‍ കരുതി. ഇത് ഒരു മീം ആയി മാറുമെന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത് രാജ്യത്തെ പകുതി പേര്‍ക്ക് ഒരു വിനോദമാകുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ.

ഞങ്ങള്‍ എന്തിലൂടെയാണ് കടന്ന്‌പോയതെന്ന് ആര്‍ക്കും മനസിലാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ അനുഭവിച്ച തകര്‍ച്ച എന്തെന്ന് ഞങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ അറിയിച്ചില്ല. അതിനാല്‍ ഞങ്ങളെ ചെളി വാരിയെറിയാമെന്നും ഞങ്ങള്‍ മനുഷ്യരല്ലെന്ന് പോലും ആളുകള്‍ക്ക് തോന്നി. അത് സഹാനുഭൂതിയും സ്‌നേഹവും പൂര്‍ണ്ണമായും ഇല്ലാതാക്കി', ജാന്‍വി കപൂര്‍ പറഞ്ഞു. 2018 ഫെബ്രുവരി 24 നാണ് ശ്രീദേവി അന്തരിക്കുന്നത്. അതേ വര്‍ഷം ജൂലൈയിലാണ് ജാന്‍വിയുടെ ആദ്യ ചിത്രമായ 'ധഡക്' പുറത്തിറങ്ങിയത്.

അതേസമയം, പരം സുന്ദരിയാണ് അവസാനമായി പുറത്തിറങ്ങിയ ജാന്‍വിയുടെ ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ഗാനങ്ങളും വിഷ്വലുകളും മികച്ചുനില്‍ക്കുന്നുണ്ടെങ്കിലും തിരക്കഥ പാളിപ്പോയെന്നാണ് കമന്റുകള്‍. ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. സിദ്ധാര്‍ഥിന്റെയും ജാന്‍വിയുടെയും കെമിസ്ട്രി അടിപൊളിയാണെന്നും എന്നാല്‍ സിനിമയുടെ തിരക്കഥ മോശമാണെന്നുമാണ് അഭിപ്രായങ്ങള്‍. കേരളത്തെയും മലയാളത്തെയും വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സ്ഥിരം ബോളിവുഡ് സ്റ്റീരിയോടൈപ്പ് ആണെന്നുമാണ് മറ്റു കമന്റുകള്‍.

കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സിദ്ധാര്‍ത്ഥിന്റെയും ജാന്‍വിയുടെയും ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ഷ് വോറ, ഗ്വാര്‍വ മിശ്ര എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിന്‍ ജിഗര്‍ ആണ്.

Content Highlights: Janhvi Kapoor about her mother's death

dot image
To advertise here,contact us
dot image