
110 റൺസിനാണ് റോയൽസ് ജയിച്ചത്
കെസിഎല്ലിൽ ആലപ്പി റിപ്പൾസിനെ തകർത്ത് അദാനി ട്രിവാൺഡ്രം റോയൽസ്. 110 റൺസിനാണ് റോയൽസിന്റെ വിജയം. ട്രിവാൻഡ്രം ഉയർത്തിയ 209 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റിപ്പൾസ് 17 ഓവറിൽ 98 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ അഭിജിത്ത് പ്രവീൺ വിയാണ് റിപ്പൾസിനെ തകർത്തത്.
ആലപ്പി നിരയിൽ ഓപ്പണർ ആകർഷ് എകെ ഒ55 റൺസ് നേടിയെങ്കിലും ബാക്കി എല്ലാവരും പരാജയമായി മാറുകയായിരുന്നു. ആകർഷിനെ കൂടാതെ രണ്ട് പേരാണ് രണ്ടക്കം കടന്നത്.
ആദ്യം ബാറ്റ് വീശിയ ട്രിവാൺഡ്രം ക്യാപ്റ്റൻ കൃഷ്ണ പ്രസാദിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് കൂറ്റൻ സ്‌കോർ നേടിയത്. ഓപ്പണറായി ക്രീസിലെത്തിയ ക്യാപ്റ്റൻ 52 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമടിച്ച് 90 റൺസാണ് അടിച്ചുക്കൂട്ടിയത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തിൽ 20 ഓവറിൽ ട്രിവാൻഡ്രം 208 റൺസ് നേടി. മറ്റൊരു ഓപ്പണറായ വിഷ്ണു രാജ് 46 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സറുമടിച്ച് 60 റൺസ് നേടി. ആദ്യ വിക്കറ്റിൽ 154 റൺസാണ് ഇരുവരും ചേർത്തത്.
അവസാന ഓവറുകളിൽ തകർത്തടിച്ച സഞ്ജീവ് സജീവൻ ( 12 പന്തിൽ 31 റൺസ്), നിഖിൽ എം ( 7 പന്തിൽ പുറത്താകാതെ 18 റൺസ്) ട്രിവാൻഡ്രത്തെ 200 കടത്തി. ആലപ്പിക്കായി ശ്രീരൂപ് എംപി മൂന്ന് വിക്കറ്റ് നേടി.
90 റൺസ് നേടിയതോടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്താനും കൃഷ്ണപ്രസാദിനായി. 10 ഇന്നിങ്‌സിൽ നിന്നും 479 റൺസാണ് അദ്ദേഹം നേടിയിരിക്കുന്നത്. 423 റൺസുള്ള തൃശൂർ ടൈറ്റൻസിന്റെ അഹ്‌മദ് ഇമ്രാനെ മറികടന്നാണ് കൃഷ്ണ പ്രസാദ് ഒന്നാം സ്ഥാനത്തെത്തിയത്.
Content Highlights- Trivandrum Royals defeated alleppey ripples in KCl for 110 runs