ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡികള്‍: ബിജെപി ഗുജറാത്തിലും വോട്ട് മോഷണം നടത്തിയെന്ന് കോണ്‍ഗ്രസ്

ഒരു നിയോജക മണ്ഡലത്തില്‍ മാത്രം ഇത്രയധികം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തുടനീളം ജനാധിപത്യം എങ്ങനെയാണ് ദുര്‍ബലപ്പെടുന്നതെന്ന് മനസിലാക്കണമെന്നും അമിത് ചവ്ദ പറഞ്ഞു

ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡികള്‍: ബിജെപി ഗുജറാത്തിലും വോട്ട് മോഷണം നടത്തിയെന്ന് കോണ്‍ഗ്രസ്
dot image

അഹമ്മദാബാദ്: ഗുജറാത്തിലും ബിജെപി വോട്ട് മോഷണം നടത്തിയെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോതില്‍ വോട്ടുമോഷണം നടത്തിയെന്ന് പിസിസി പ്രസിഡന്റ് അമിത് ചവ്ദ ആരോപിച്ചു. ഗുജറാത്തില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകള്‍ എന്നത് ആവര്‍ത്തിച്ചുവരുന്ന രീതിയായി മാറുകയാണെന്ന് വോട്ടര്‍ പട്ടിക സൂഷ്മപരിശോധനയില്‍ വ്യക്തമായെന്നും ഗുജറാത്ത് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സിആര്‍ പാട്ടീലിന്റെ മണ്ഡലമായ നവസാരി ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൃത്രിമത്വം നടന്നതെന്നും അമിത് ചവ്ദ ആരോപിച്ചു.

'നവസാരിയിലെ ചോരിയാസി നിയമസഭാ മണ്ഡലത്തില്‍ മാത്രം നടത്തിയ സൂഷ്മപരിശോധനയില്‍ നിരവധി പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്ത 6,09,592 വോട്ടര്‍മാരുടെ പട്ടികയില്‍ നാല്‍പ്പത് ശതമാനത്തോളം എന്‍ട്രികളും കോണ്‍ഗ്രസ് പരിശോധിച്ചു. അതില്‍ മുപ്പതിനായിരം എണ്ണം വ്യാജമോ കോപ്പിയോ സംശയാസ്പദമോ ആയ വോട്ടര്‍ ഐഡികളാണ്' അമിത് ചവ്ദ പറഞ്ഞു. ഒരു നിയോജക മണ്ഡലത്തില്‍ മാത്രം ഇത്രയധികം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തുടനീളം ജനാധിപത്യം എങ്ങനെയാണ് ദുര്‍ബലപ്പെടുന്നതെന്ന് മനസിലാക്കണമെന്നും സിആര്‍ പാട്ടീലിന്റെ മുന്‍കാല തെരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ചും ചോദ്യങ്ങളുയരുന്നുവെന്നും ചവ്ദ പറഞ്ഞു.

'കോണ്‍ഗ്രസിന്റെ അന്വേഷണത്തില്‍ ഒരേ വോട്ടറുടെ പേര് പലതവണ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ചിലതെല്ലാം ചെറിയ അക്ഷരവ്യത്യാസങ്ങളോടെയാണുളളത്. മറ്റ് ചില സന്ദര്‍ങ്ങളില്‍ ഒന്നിലധികം വോട്ടര്‍ ഐഡികള്‍ ഉളള വ്യക്തികളെ കണ്ടെത്തി. ഒരേ വോട്ടറുടെ പേര് വ്യത്യസ്ത ഭാഷകളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡ്രസുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത് രേഖകളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പിഴവല്ല. ജനാധിപത്യം ഇല്ലാതാക്കാനുളള ഗൂഢാലോചനയാണ്' ചവ്ദ പറഞ്ഞു. ഇത്തരം വോട്ടുമോഷണങ്ങളെ കോണ്‍ഗ്രസ് തുടര്‍ന്നും തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വോട്ട് കൊളള ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിഹാറിൽ വോട്ടർ അധികാർ യാത്ര നടക്കുന്നതിനിടെയാണ് ഗുജറാത്തിലും വോട്ട് മോഷണം നടന്നുവെന്ന ഗുരുതര ആരോപണം കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. വോട്ടല്ല അധികാരമാണ് നരേന്ദ്രമോദി കവര്‍ന്നെടുക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പാവപ്പെട്ടവന്റെ ശബ്ദം രാജ്യത്ത് കേള്‍ക്കരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും മഹാരാഷ്ട്ര, ഹരിയാന, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകൊളള നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ വോട്ടുകൊളള അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സെപ്റ്റംബർ ഒന്നിന് പട്നയിലെ മഹാറാലിയോടെയാണ് യാത്ര അവസാനിക്കുക. ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കളടക്കം റാലിയിൽ പങ്കെടുക്കും.

Content Highlights: Congress accuse bjp of 'vote chori' in gujarat too

dot image
To advertise here,contact us
dot image