
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്ക് വിജയം. ഫുൾഹാമിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപ്പട വിജയം സ്വന്തമാക്കിയത്. വാറിന്റെ വിവാദങ്ങളെ മറികടന്നാണ് ചെൽസി നാടകീയ വിജയം സ്വന്തമാക്കിയത്. ഇരുപകുതികളിലുമായി ജാവോ പെഡ്രോയും എന്‍സോ ഫെര്‍ണാണ്ടസുമാണ് ചെൽസിക്ക് വേണ്ടി വലകുലുക്കിയത്.
റഫറിയുടെ തീരുമാനങ്ങൾ പലതും വിവാദമായ മത്സരത്തിൽ ഫുൾഹാമായിരുന്നു ആദ്യം വല കുലുക്കിയത്. 21-ാം മിനിറ്റിൽ ജോഷ് കിംഗ് നേടിയ ഒരു ഗോൾ വാർ പരിശോധനയിൽ ഫൗളിൻ്റെ പേരിൽ നിഷേധിച്ചത് ഫുൾഹാമിന് തിരിച്ചടിയായി.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ചെല്‍സി ആദ്യ ഗോളടിക്കുകയായിരുന്നു. കോര്‍ണറില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ജാവോ പെഡ്രോയാണ് ലക്ഷ്യം കണ്ടത്. 56-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്‍സ് പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി.
ലീഗിൽ ചെല്‍സിയുടെ രണ്ടാം ജയമാണിത്. ഇതോടെ മൂന്നു കളികളിൽ രണ്ടു ജയവും ഒരു സമനിലയുമായി പോയിന്റ് നിലയിൽ തൽക്കാലത്തേക്കെങ്കിലും ചെൽസി ഒന്നാമതെത്തി. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ആഴ്സണൽ, ടോട്ടൻഹാം, ലിവർപൂൾ ടീമുകൾ തൊട്ടുപിന്നിലുണ്ട്.
Content Highlights: Chelsea beats Fulham in Premier League