
ജയ്പൂര്‍: പരീക്ഷയെഴുതാത്തത് മാതാപിതാക്കൾ അറിയുമോ എന്ന പേടിയിൽ ജീവനൊടുക്കാന്‍ ശ്രമിച്ച നീറ്റ് വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച് അധ്യാപകര്‍. കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയാണ് അധ്യാപകര്‍ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച്ചയായിരുന്നു സംഭവം. മഹേഷ് നഗറിലെ പിജിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി മൂന്ന് നിലകളുളള കോച്ചിംഗ് സെന്ററിന്റെ ടെറസില്‍ കയറിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ആളുകള്‍ പെണ്‍കുട്ടി ടെറസിന് മുകളില്‍ കയറി നില്‍ക്കുന്നത് കണ്ട് ബഹളം വെച്ചു. ഇതുകേട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ ടെറസിലേക്ക് ഓടി. പെണ്‍കുട്ടി ചാടാനൊരുങ്ങിയപ്പോള്‍ നിമിഷങ്ങള്‍ക്കുളളില്‍ അധ്യാപകരില്‍ ഒരാള്‍ പെണ്‍കുട്ടിയെ പിറകിലൂടെ ചെന്ന് പിടിച്ച് താഴേയ്ക്ക് വലിച്ചിടുകയായിരുന്നു. പെണ്‍കുട്ടിയെ സുരക്ഷിതയായി താഴെയിറക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
Jaipur: NEET coaching student tried to jump in suicide attempt, but was saved in time by her teacher. #Jaipur #NEET pic.twitter.com/QgT02KicJJ
— Shubham Yadav (@Shubhamsaying) August 30, 2025
രാജസ്ഥാനിലെ ചുരു സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ചില പരീക്ഷകള്‍ എഴുതിയിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വെളളിയാഴ്ച്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളുടെ പഠനത്തെക്കുറിച്ച് അന്വേഷിച്ചറിയാനായി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയിരുന്നു. ഇതോടെ അസ്വസ്ഥയായ പെണ്‍കുട്ടി ടെറസിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Teacher saves NEET Student who attempted suicide by jumping from coaching institute