
ചെന്നൈ: രോഗിയെ ചികിത്സിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കാര്‍ഡിയാക് സര്‍ജന് ദാരുണാന്ത്യം. ചെന്നൈയിലെ സവീത മെഡിക്കല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയാക് സര്‍ജനായ ഗ്രാഡ്‌ലിന്‍ റോയ് (39) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വാർഡ് റൗണ്ട്‌സിനിടെ ആശുപത്രിയില്‍ വെച്ച് കുഴഞ്ഞുവീണ ഗ്രാഡ്‌ലിന് ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ സിപിആറും ആഞ്ജിയോപ്ലാസ്റ്റിയും ഇസിഎംഒയുമുള്‍പ്പെടെ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡോക്ടര്‍ ഗ്രാഡ്‌ലിന്‍ റോയിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും മുപ്പതുകളിലും നാല്‍പ്പതുകളിലുമുളള യുവ ഡോക്ടര്‍മാര്‍ക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുന്ന പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ പറഞ്ഞു. ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് ഇത്തരം മരണങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡോക്ടര്‍മാര്‍ പലപ്പോഴും 12-18 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും ചിലപ്പോള്‍ അവര്‍ 24 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. അമിത സമ്മര്‍ദം, രോഗികളുടെ ജീവനുമായി ബന്ധപ്പെട്ട് കുടുംബങ്ങളുടെ പ്രതീക്ഷകള്‍, അനാരോഗ്യകരമായ ജീവിത ശൈലി, ക്രമരഹിതമായ ഭക്ഷണം, ശാരീരിക വ്യായാമക്കുറവ് തുടങ്ങിയവയും മാനസിക സമ്മര്‍ദവുമുള്‍പ്പെടെ പെട്ടെന്നുളള ഹൃദയാഘാതത്തിന് കാരണമാകുമെന്നും സുധീര്‍ കുമാര്‍ പറഞ്ഞു.
Content Highlights: Cardiac Surgeon Dies of Heart Attack during ward rounds in chennai hospital