
പട്‌ന: വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ തനിക്കുനേരെ കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകന് മിഠായി നീട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ അരാ ജില്ലയില്‍വെച്ചാണ് സംഭവമുണ്ടായത്. കറുത്ത ഷര്‍ട്ട് ധരിച്ചെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കുനേരെ റാലിക്കിടയില്‍ കയറി കരിങ്കൊടി വീശുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതോടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി, പ്രതിഷേധക്കാരില്‍ ഒരാളെ തന്റെ അടുത്തേക്ക് വിളിക്കുകയും അയാളോട് സംസാരിക്കുകയും മിഠായി നല്‍കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
BREAKING : Rahul Gandhi has again won hearts of his opponents
— Amock_ (@Amockx2022) August 30, 2025
He called people who were showing black flags to him and gave them chocolates 🔥
Can Modi ever do this? 😂pic.twitter.com/OlIZQPUt1z
ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ചില പ്രാദേശിക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ വിഷയത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വോട്ടല്ല അധികാരമാണ് നരേന്ദ്രമോദി കവര്‍ന്നെടുക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി ഇന്ന് നടന്ന വോട്ടർ അധികാർ യാത്രയിൽ പറഞ്ഞത്. പാവപ്പെട്ടവന്റെ ശബ്ദം രാജ്യത്ത് കേള്‍ക്കരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും മഹാരാഷ്ട്ര, ഹരിയാന, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകൊളള നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ വോട്ടുകൊളള അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ നിന്ന് രണ്ടുപേര്‍ വന്ന് ബിഹാറികള്‍ ആര്‍ക്ക് വോട്ടുചെയ്യണം എന്ന് പറയുകയാണ് എന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്. ഇത് ബിഹാറാണെന്ന് ഓര്‍ക്കണമെന്നും വിഡ്ഢികളാക്കാന്‍ നോക്കരുതെന്നും തേജസ്വി പറഞ്ഞു. 'വോട്ടുകൊളള ബിഹാറില്‍ നടക്കില്ല. ജനം ചെറുത്തുതോല്‍പ്പിക്കും. ഈ ജനക്കൂട്ടം അതാണ് വ്യക്തമാക്കുന്നത്. ഇൻഡ്യാ സഖ്യം സര്‍ക്കാരുണ്ടാക്കും. ജീവിതം മെച്ചപ്പെടണമെങ്കില്‍ നിതീഷ് സര്‍ക്കാരിനെ താഴെയിറക്കണം'- തേജസ്വി യാദവ് പറഞ്ഞു. വോട്ടുകൊളളയ്ക്കും ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സെപ്റ്റംബർ ഒന്നിന് പട്നയിലെ മഹാറാലിയോടെയാണ് യാത്ര അവസാനിക്കുക. ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കളടക്കം റാലിയിൽ പങ്കെടുക്കും.
Content Highlights: Rahul Gandhi offers candy to yuvamorcha protesters who waved black flag during voter adhikar yatra