റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും: തീരുമാനം ട്രംപിൻ്റെ തീരുവ യുദ്ധത്തിനിടെ

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ കടുത്ത തീരുവ ചുമത്തുകയും ട്രംപ് ഉപരോധ ഭീഷണി മുഴക്കുകയും ചെയ്യുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം

റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും: തീരുമാനം ട്രംപിൻ്റെ തീരുവ യുദ്ധത്തിനിടെ
dot image

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വർഷം ഡിസംബറില്‍ പുടിന്‍ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യയ്ക്കുമേല്‍ കടുത്ത തീരുവ ചുമത്തുകയും ട്രംപ് ഉപരോധ ഭീഷണി മുഴക്കുകയും ചെയ്യുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

മെയ് മാസത്തില്‍ വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനുളള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചതായി റഷ്യ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇരുപക്ഷത്തുനിന്നും എന്നായിരിക്കും സന്ദര്‍ശനം എന്നത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായില്ല. സെപ്റ്റംബര്‍ ഒന്നിന് ചൈനയിലെ ടിയാന്‍ജിനില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ മോദി പുടിനുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് ഡിസംബറിലെ സന്ദര്‍ശനത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2022 ല്‍ റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് പുടിന്‍ ഇന്ത്യാ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.

ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവ 27-ന് പ്രാബല്യത്തിൽ വന്നിരുന്നു.  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം  50 ശതമാനമാണ് തീരുവ. തിങ്കളാഴ്ച അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട കരടു വിജ്ഞാപനമിറക്കിയിരുന്നു. ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമായി.

തുണിത്തരങ്ങള്‍, തുന്നിയ വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകലുല്‍പ്പന്നങ്ങള്‍, ചെരുപ്പ്, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വര്‍ധന കൂടുതല്‍ ബാധിക്കുക. മരുന്ന്, ഊര്‍ജോത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല. ട്രംപിന്റെ അധിക തീരുവ കാരണം ചരക്ക് കയറ്റുമതിയുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ കുറയുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.

Content Highlights: Russian President Vladimir Putin to visit India: Visit comes amid Trump's tariff war

dot image
To advertise here,contact us
dot image