
ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ മഞ്ചുനാഥ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ക്ഷേത്രത്തിന്റെ ധര്‍മാധികാരി ഡി വീരേന്ദ്ര ഹെഗ്ഡെ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ പരാതിയില്‍ നടക്കുന്ന എസ് ഐ ടി അന്വേഷണത്തെയും ഹെഗ്ഡെ സ്വാഗതം ചെയ്തു. പി ടി ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വീരേന്ദ്ര ഹെഗ്ഡെയുടെ പ്രതികരണം.
'ഈ വിഷയം അടിസ്ഥാനരഹിതവും വ്യാജവുമാണ്. ആരോപണങ്ങള്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെല്ലാം തെറ്റാണ്. ധര്‍മസ്ഥലയെയും ട്രസ്റ്റിനെയും ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്‍ഷമായി സംഘടിത പ്രചാരണം നടക്കുന്നുണ്ട്. എസ് ഐ ടി അന്വേഷണത്തെ ഞങ്ങള്‍ നേരത്തെ തന്നെ സ്വാഗതം ചെയ്തതാണ്. സത്യം പുറത്തുവരണം. എത്രയും വേഗം അന്വേഷണം അവസാനിക്കണമെന്നും പ്രശ്‌നം പരിഹരിക്കപ്പെടണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എസ് ഐ ടി ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം'- വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
മുന്‍ ശുചീകരണ തൊഴിലാളിയുടെ ആരോപണങ്ങളെക്കുറിച്ചും വീരേന്ദ്ര ഹെഗ്ഡെ പ്രതികരിച്ചു. 'ധര്‍മസ്ഥലയില്‍ വെച്ച് ഒരാള്‍ മരിച്ചാല്‍ അവര്‍ക്ക് മോക്ഷം കിട്ടുമെന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. അവിടെ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ പഞ്ചായത്തിനെ വിവരം അറിയിക്കുകയും അവരെത്തി കൃത്യസമയത്ത് മൃതദേഹം സംസ്‌കരിക്കുകയും ചെയ്യുമായിരുന്നു. യുവാക്കളെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം. കാര്യങ്ങള്‍ ചിത്രീകരിക്കപ്പെട്ട രീതി ഞങ്ങളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ വളരെ ശക്തമായ ഒരു മാധ്യമമാണ്. ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചില്ലെന്ന് പല അഭ്യുദയാകാംഷികളും പറഞ്ഞു. സമൂഹത്തിനുവേണ്ടി ഞങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെല്ലാം ഞങ്ങളുടെ കടമയാണെന്നാണ് വിശ്വസിക്കുന്നത്. അത് സമൂഹത്തോടുളള പ്രതിബദ്ധതയും സേവനവുമാണ്. എല്ലാ ഗ്രാമങ്ങളിലുമെത്തി, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ 55 ലക്ഷം കുടുംബങ്ങളെ ഞങ്ങള്‍ സഹായിച്ചു'-വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
2012-ല്‍ ധര്‍മസ്ഥലയില്‍ കൊല്ലപ്പെട്ട സൗജന്യ എന്ന പതിനേഴുകാരിയുടെ കേസിനെക്കുറിച്ചും വീരേന്ദ്ര ഹെഗ്ഡെ പ്രതികരിച്ചു. 'അങ്ങനൊരു സംഭവം ഉണ്ടായതായി അറിഞ്ഞ അന്നുതന്നെ ഞങ്ങള്‍ സര്‍ക്കാരിനെ വിഷയം അറിയിച്ചിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ചുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി അവര്‍ ആ സമയത്ത് വിദേശത്തായിരുന്നു. അതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതുമാണ്. ഇതെല്ലാം ദുഷ്പ്രചാരണങ്ങളാണ്. സി ബി ഐ വരെ അന്വേഷിച്ച കാര്യങ്ങളാണ് ഇതൊക്കെ. ഞങ്ങള്‍ അന്വേഷണവുമായി സഹകരിച്ചിട്ടുമുണ്ട്. എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്തിട്ടുമുണ്ട്'- വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
സ്വത്ത് ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങളും വീരേന്ദ്ര ഹെഗ്ഡെ നിഷേധിച്ചു. കുടുംബത്തിന്റെ പേരില്‍ വളരെ കുറച്ച് സ്വത്ത് മാത്രമാണുളളത്. എല്ലാ സ്വത്തുക്കളും ട്രസ്റ്റിന്റെ പേരിലാണ്. അതിനെല്ലാം രേഖകളുമുണ്ട്. കുടുംബാംഗങ്ങള്‍ സുതാര്യതയോടെ തന്നെ ട്രസ്റ്റിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നുണ്ട്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്. ഒരാള്‍ ബെംഗളൂരുവിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുന്നു. മറ്റൊരാള്‍ ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നു. ഒരു സഹോദരിയുണ്ട്. അവരുടെ ഭര്‍ത്താവാണ് എസ്ഡിഎം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ പേരിലാണ്'- വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
ഒരു ജൈന കുടുംബം ഹിന്ദു ക്ഷേത്രം നോക്കിനടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനും വീരേന്ദ്ര ഹെഗ്ഡെ മറുപടി നല്‍കി. അത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നും എല്ലാ ആചാരങ്ങളും പാലിച്ച് ജൈനന്മാര്‍ ക്ഷേത്രങ്ങള്‍ നോക്കിനടക്കുന്നുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുമ്പോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണയുമായി രംഗത്തെത്തിയെന്നും വീരേന്ദ്ര ഹെഗ്ഡെ കൂട്ടിച്ചേര്‍ത്തു.
Content Highlights: Allegations on dharmasthala and manjunatha swami temple are baseless says veerendra heggade