ഓഫ്സീസണിൽ യാത്രക്കാർ കുറഞ്ഞു; മസ്ക്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇൻഡി​ഗോ സർവീസ് നിർത്തുന്നു

ഈ മാസം 23 വരെ മാത്രമെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ. അതിന് ശേഷം പോര്‍ട്ടലില്‍ സര്‍വീസുകള്‍ ലഭ്യമാകില്ല

dot image

മസ്‌ക്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇന്‍ഡി​ഗോ സര്‍വീസ് പിന്‍വലിക്കുന്നു. ഓഫ് സീസണില്‍ യാത്രക്കാരുടെ എണ്ണം കുറയാനുളള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് ഇന്‍ഡിഗോ തയ്യാറായിട്ടില്ല. മധ്യവേനല്‍ അവധിക്ക് ശേഷം കേരളത്തില്‍ നിന്ന് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തി തുടങ്ങിയതോടെ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വിമാന കമ്പനികള്‍ വലിയ തോതില്‍ ഉയര്‍ത്തി.

ഒമാനില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന സര്‍വീസ് ആണ് ഇന്‍ഡി​ഗോ അവസാനിപ്പിക്കുന്നത്. ഈ മാസം 23 വരെ മാത്രമെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ. അതിന് ശേഷം പോര്‍ട്ടലില്‍ സര്‍വീസുകള്‍ ലഭ്യമാകില്ല. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരുടെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തതായി യാത്രക്കാരെ അറിയിച്ചു. ഇതിന്റെ റീഫണ്ടും നല്‍കി തുടങ്ങിയിട്ടുണ്ട്.

സീസണ്‍ അവസാനിച്ചതോടെ ഒമാന്‍ സെക്ടറിലേക്ക് യാത്രക്കാര്‍ വലിയ തോതില്‍ കുറയുമെന്ന കണക്ക് കൂട്ടലിലാണ് ഇന്‍ഡിഗോ സര്‍വീസ് അവസാനിപ്പിക്കുന്നതെന്ന് ട്രാവല്‍ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റുന്നില്ല എന്നതൊഴിച്ചാല്‍ വിമാന കമ്പനിയുടെ ഭാഗത്ത് നിന്ന് സര്‍വീസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും പുറത്ത് വന്നിട്ടില്ല. മസ്‌ക്കത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രെസ്സ് തിരുവനന്തപുരം വഴി ഒരു കണക്ഷന്‍ സര്‍വീസ് ഇപ്പോള്‍ നടത്തുന്നുണ്ട്. സീസണ്‍ സമയം കഴിയുന്നതോടെ യാത്രക്കാരുടെ എണ്ണം കുറയുമെന്നതിനാല്‍ സര്‍വീസ് ആഴ്ചയില്‍ മൂന്നും നാലുമാക്കി കമ്പനി ചുരിക്കിയേക്കും.

അതിനിടെ മധ്യവേനല്‍ അവധിക്ക് ശേഷം പ്രവാസികള്‍ തിരിച്ചെത്തി തുടങ്ങിയതോടെ നാട്ടില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് മസ്‌ക്കത്തിലേക്കുള്ള യാത്രക്കാണ് ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടത്. ഈ മാസം അവസാനത്തോടെ കൂടുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ നിരവധി പ്രവാസികളാണ് ഒമാനിലേക്ക് മടങ്ങി വരാന്‍ തയ്യാറെടുക്കുന്നത്. യു എ ഇ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്താനും വലിയ തുക നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

Content Highlights: IndiGo service from Muscat to Kannur to be suspended

dot image
To advertise here,contact us
dot image