എന്‍ഡിഎ സഖ്യം ഒറ്റക്കെട്ടാണ്: ഇന്‍ഡ്യ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ടിഡിപി

എന്‍ഡിഎയിലും ഇന്‍ഡ്യാ സഖ്യത്തിലും ചേരാതെ നില്‍ക്കുന്ന ആന്ധ്രയിലെ പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് സി പി രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിരുന്നു

dot image

അമരാവതി: മുന്‍ സുപ്രീംകോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഇന്‍ഡ്യ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി തെലുഗു ദേശം പാര്‍ട്ടി (ടിഡിപി). തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തതയൊന്നുമില്ലെന്ന് ടിഡിപി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നര ലോകേഷ് പറഞ്ഞു. 'അവ്യക്തതയില്ല. ഊഷ്മളതയും ബഹുമാനവും നിശ്ചയദാര്‍ഢ്യവും മാത്രം. എന്‍ഡിഎ ഒറ്റക്കെട്ടാണ്'- നര ലോകേഷ് എക്‌സില്‍ കുറിച്ചു.

മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണന്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്നുളള ഒരു ഒബിസി വിഭാഗക്കാരനെ രംഗത്തിറക്കി പ്രതിപക്ഷ നിരയില്‍ വിളളലുണ്ടാക്കുകയും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുക എന്ന എന്‍ഡിഎയുടെ ലക്ഷ്യത്തെ തെലുങ്ക് കാര്‍ഡിറക്കിയാണ് ഇന്‍ഡ്യ സഖ്യം നേരിട്ടത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ മുന്‍ ബി സുദര്‍ശന്‍ റെഡ്ഡിയെ ഇന്‍ഡ്യാ സഖ്യം ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. ഇതോടെ തെലുങ്ക് സ്വത്വത്തിനും അഭിമാനത്തിനുംവേണ്ടി നിലകൊളളുന്നുവെന്ന് വാദിക്കുന്ന എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയായ ടിഡിപിയുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങളുയര്‍ന്നിരുന്നു.

എന്‍ഡിഎയിലും ഇന്‍ഡ്യാ സഖ്യത്തിലും ചേരാതെ നില്‍ക്കുന്ന ആന്ധ്രയിലെ പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് സി പി രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആന്ധ്രാപ്രദേശുകാരനായ സുദര്‍ശനെ ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ അവരുടെ നിലപാടും നിര്‍ണായകമാകും.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ്  ഇന്‍ഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഇന്നലെ ചേർന്ന ഇൻഡ്യാസഖ്യം ചുമതലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ ആളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണം എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Content Highlights: NDA Stands united says TDP leader nara lokesh after india alliance announce its vice president candidate

dot image
To advertise here,contact us
dot image