തെരഞ്ഞെടുപ്പ് വിദഗ്ധൻ സഞ്ജയ് കുമാർ മാപ്പുപറഞ്ഞു; പിന്നാലെ കോൺഗ്രസിൻ്റെ 'വോട്ട് ചോരി'യെ ലക്ഷ്യമിട്ട് ബിജെപി

കോൺഗ്രസിന്റെ വോട്ട് ചോരി പ്രചരിപ്പിക്കാൻ ഗവേഷണ സ്ഥാപനം സ്ഥിരീകരിക്കാത്ത ഡാറ്റ പുറത്തുവിട്ടതായി ബിജെപി ആരോപിച്ചു

dot image

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള ചൂണ്ടിക്കാട്ടിയ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ (സിഎസ്ഡിഎസ്) തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ സഞ്ജയ് കുമാർ രണ്ട് ദിവസത്തിന് ശേഷം പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയതിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി രം​ഗത്ത്. കോൺഗ്രസിന്റെ വോട്ട് ചോരി പ്രചരിപ്പിക്കാൻ ഗവേഷണ സ്ഥാപനം സ്ഥിരീകരിക്കാത്ത ഡാറ്റ പുറത്തുവിട്ടതായി ബിജെപി ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണങ്ങൾ ഉന്നയിക്കാൻ ആശ്രയിച്ച സ്ഥാപനം ഇപ്പോൾ അവരുടെ കണക്കുകൾ തെറ്റാണെന്ന് സമ്മതിച്ചതായി മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഐടി മേധാവിയുമായ അമിത് മാളവ്യ പറഞ്ഞു. രാഹുൽ ഗാന്ധി യഥാർത്ഥ വോട്ടർമാരെ വ്യാജരായി മുദ്രകുത്തിയതാണെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. അതേസമയം സഞ്ജയ് കുമാർ ക്ഷമാപണം നടത്തിയെങ്കിലും കോൺഗ്രസ് അതിൽ ഉറച്ചുനിൽക്കുകയാണെന്നും സിഎസ്ഡിഎസ് എന്നത് കോൺഗ്രസ് ഡാറ്റ ശേഖരിച്ച സ്രോതസ്സുകളിൽ ഒന്ന് മാത്രമാണെന്നും കോൺഗ്രസ് പാർട്ടി വക്താവ് സുജാത പോൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ നിരവധി നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ വർധനവും കുറവും ആരോപിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് സഞ്ജയ് കുമാർ ഡിലീറ്റ് ചെയ്ത്. ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തിലാണ് സഞ്ജയ് കുമാർ ക്ഷമാപണം നടത്തി ട്വീറ്റുകൾ ഡിലീറ്റ് ചെയ്ത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകൾക്ക് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും 2024 എഎസിന്റെയും ഡാറ്റ താരതമ്യം ചെയ്യുമ്പോൾ പിശക് സംഭവിച്ചതാണെന്നും ഒരു തരത്തിലുള്ള തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ലായെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഈ വർഷം ആദ്യം നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനും ഇടയിൽ നാസിക് വെസ്റ്റിലെയും ഹിംഗനയിലെയും നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം യഥാക്രമം 47 ശതമാനവും 43 ശതമാനവും വർദ്ധിച്ചതായി സഞ്ജയ് കുമാർ അവകാശപ്പെട്ടിരുന്നു. രാംടെക്, ദേവ്‌ലാലി സീറ്റുകളിൽ യഥാക്രമം 38 ശതമാനവും 36 ശതമാനവും വോട്ടർമാരുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ആ പോസ്റ്റുകളാണ് സഞ്ജയ് കുമാർ ഡിലീറ്റ് ചെയ്തത്.

എന്നാൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തെ ഒരു കേസ് സ്റ്റഡിയായി അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ വോട്ട് കൊള്ള നടന്നതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ഒരു പ്രശ്നം തോന്നിയതായും തുടർന്ന് അന്വേഷണം ആരംഭിച്ചതായും കോൺഗ്രസ് നേതാവ് പറഞ്ഞു. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 30 എണ്ണം നേടിയ ഇൻഡ്യ മുന്നണിക്ക് അഞ്ച് മാസത്തിന് ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ 50 സീറ്റ് കടക്കാൻ പോലും കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : BJP Targets Congress's 'Vote Chori' Campaign After Psephologist's Apology

dot image
To advertise here,contact us
dot image