വായിലെ ചുവന്ന പാടുകള്‍ നാക്കിലെ കാന്‍സറിൻ്റെ ലക്ഷണമായേക്കാം, ഈ 6 ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കൂ

കാല്‍സ്യത്തിന്റെ കുറവ് കൊണ്ടും അള്‍സറിന്റെ ഭാഗമായും ചിലപ്പോള്‍ നമ്മുടെ തന്നെ പല്ലില്‍ തട്ടിയുമെല്ലാം നാവിൽ മുറിവുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഈ മുറിവുകളെ ശ്രദ്ധിക്കേണ്ടതുണ്ട്

dot image

നമ്മുടെയൊക്കെ നാവില്‍ പലപ്പോഴും പല തരത്തിലുള്ള മുറിവുകളും പാടുകളും കാണപ്പെടാറുണ്ടല്ലേ. ഭൂരിഭാഗം ആളുകളിലും ഇത് സാധാരണമാണ്. കാല്‍സ്യത്തിന്റെ കുറവ് കൊണ്ടും അള്‍സറിന്റെ ഭാഗമായും ചിലപ്പോള്‍ നമ്മുടെ പല്ലില്‍ തട്ടിയുമെല്ലാം മുറിവുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഈ മുറിവുകളെ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്നും ഏത് സാഹചര്യത്തിലാണ് ഇവയെ ശ്രദ്ധിക്കേണ്ടതെന്നും മനസിലാക്കാം.

നാക്കിന്റെ വിവിധ കോശങ്ങളില്‍ ബാധിക്കുന്ന കാന്‍സറാണ് ടംഗ് കാന്‍സര്‍ അഥവാ നാക്കിലെ കാന്‍സര്‍. സ്‌ക്വാമസ് സെല്‍ കാര്‍സിനോമാണ് നാക്കിനെ ബാധിക്കുന്ന ഏറ്റവും സാധാരണമായ കാന്‍സര്‍. ഇത് നാക്കിന്റെ ഉപരിതലത്തിലെ പരന്നതും നേര്‍ത്തതുമായ കോശങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്.

പ്രാരംഭ ലക്ഷണങ്ങള്‍

ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റും കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. സച്ചിന്‍ മര്‍ദ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തെ അടിസ്ഥാനമാക്കി ചുവടെ നല്‍കിയ ലക്ഷണങ്ങളെ ശ്രദ്ധിക്കാം

സ്ഥിരമായ വ്രണങ്ങള്‍

രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടാത്ത നാക്കിലെ വ്രണമോ അള്‍സറോ ആണ് പ്രാഥമിക ലക്ഷണം. സാധാരണ അള്‍സറുകളില്‍ നിന്ന് ഇവ വ്യത്യസ്തമാണ്. പ്രാരംഭ ഘട്ടത്തില്‍ ഈ വ്രണങ്ങള്‍ പലപ്പോഴും വേദനാരഹിതമായിരിക്കും.

വായ്ക്കുള്ളിലെ വെളുത്തതോ ചുവന്നതോ ആയ പാടുകള്‍

വായയുടെ അടിഭാഗത്ത് വികസിക്കുന്ന മാറാത്ത ചുവന്നതോ വെളുത്തതോ ആയ പാടുകള്‍ കാന്‍സറിന്റെ ലക്ഷണമായേക്കാം.
ല്യൂക്കോപ്ലാകിയ (വെളുത്ത പാടുകള്‍), എറിത്രോപ്ലാകിയ (ഉയര്‍ന്ന, ചുവന്ന പാടുകള്‍) എന്നിവ ഡിസ്പ്ലാസിയയുടെ ലക്ഷണങ്ങളാണ്. ഇവ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ രോഗം പുരോഗമിക്കുകയും കാന്‍സറായി മാറുകയും ചെയ്‌തേക്കാം.

നാക്കിലെ വേദന അല്ലെങ്കില്‍ അസ്വസ്ഥത

ഭക്ഷണം കഴിക്കുമ്പോഴോ സംസാരിക്കുമ്പോഴോ നാവില്‍ വേദന, മൃദുത്വം അല്ലെങ്കില്‍ അസ്വസ്ഥത എന്നിവ തോന്നുകയോ അവ മാറാതെ തുടരുകയോ ചെയ്യുന്നത് കാന്‍സറിന്റെ ലക്ഷണമായേക്കാം.

നാവിലെ മുഴകള്‍ അല്ലെങ്കില്‍ തടിപ്പ്

നാവിൽ മുഴയോ അല്ലെങ്കില്‍ തടിപ്പോ കണ്ടെത്തുകയാണെങ്കില്‍ ഒരു ആരോഗ്യ വിദഗ്ദനെ കാണിക്കുക. മാറാത്ത മുഴകളും തടിപ്പും കാന്‍സറിന് ലക്ഷണമായേക്കാം.

നാവ് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്

നാവ് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടോ കഴിവില്ലായമോ കാന്‍സറിന്റെ ലക്ഷണങ്ങളായേക്കാം. ഇത് സംസാരത്തെയോ ഭക്ഷണം കഴിക്കുന്നതിനെയോ ബാധിച്ചേക്കാം.

രക്തസ്രാവം

വ്യക്തമായ കാരണമില്ലാത്ത നാവിലെ രക്തസ്രാവം ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ്. ഇതുകൂടാതെ ലിംഫ് നോഡുകളുടെ വീക്കവും രോഗലക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടവയാണ്. കൃത്യസമയത്ത് ഇവ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്നത് രോഗം ഭേദമാകാന്‍ സഹായിക്കും.

Content Highlights- Red spots in the mouth may be a sign of tongue cancer, be aware of these 6 symptoms

dot image
To advertise here,contact us
dot image