
ഗുവാഹത്തി: പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കൈയ്യിൽ ഒരു രഹസ്യഫോൺ ഉണ്ടെന്ന പരിഹാസവുമായി അസം പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയി. ഒരു രാഷ്ട്രീയ പാർട്ടികളോടും ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഉത്തരവാദിത്വം ഇല്ലെന്നും ഗൗരവ് ഗൊഗോയി കുറ്റപ്പെടുത്തി. 'ഹിമന്ത ബിശ്വ ശർമ്മ കോൺഗ്രസിലേയ്ക്ക് വന്നത് ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയനിൽ നിന്നാണ്. പിന്നീട് കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്ക്ക് പോയി. എപ്പോൾ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും പാർട്ടി മാറാനുള്ള ഒരു പ്രവണത അദ്ദേഹത്തിനില്ല. ജയിലിൽ പോകുമെന്നുള്ള ഭയം മൂലമാണ് ഹിമന്ത ബിശ്വ ശർമ്മ ബിജെപിയിലേയ്ക്ക് പോയതെന്നും' ഗൗരവ് ഗൊഗോയി പരിഹസിച്ചു.
'ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നിരവധി ഫോണുകളുണ്ട്. ബോഡോ ലാൻഡ‍് ടെറിട്ടോറിയൽ കൗൺസിലിലെ (ബിറ്റിസി) തെരഞ്ഞെടുപ്പിന് മുമ്പ് ബിറ്റിസി ചീഫ് എക്സിക്യൂട്ടീവ് അംഗം പ്രമോദ് ബോറോയെയും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ചീഫ് ഹഗ്രാമ മൊഹിലാരിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വിളിക്കാനാണ് അവ ഉപയോഗിക്കുക. മറ്റൊരു ഫോൺ നമ്പർ രഹസ്യമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കാൻ ആ നമ്പർ ഉപയോഗിക്കു'മെന്നും ഗൗരവ് ഗൊഗോയി ആരോപിച്ചു.
അമിത് ഷായുമായും കോൺഗ്രസുമായും ബോഡോലാൻഡ് മേഖലയുമായും തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നതിലൂടെ താൻ ഒരു ശക്തനായ നേതാവാണ് എന്ന് ഗൊഗോയ് സമ്മതിക്കുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മിലുള്ള വാക്ക് തർക്കം ശക്തമായിരിക്കുകയാണ്. പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഗൊഗോയിയുടെ പ്രസംഗത്തെച്ചൊല്ലി ഹിമന്ത ബിശ്വ ശർമ്മ ഗൊഗോയിയെ കടന്നാക്രമിച്ചിരുന്നു. ജോർഹട്ട് എംപി പാകിസ്ഥാനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും ഗൊഗോയി സംസ്ഥാനത്തിന് നാണക്കേടാണെന്നും ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചിരുന്നു.
Content Highlights: Himanta Biswa Sarma has a 'secret phone' Gaurav Gogoi sarcasms at Assam Chief Minister