വൈസ് ചാന്‍സലര്‍ നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി

സര്‍ക്കാരും ഗവര്‍ണരും നല്‍കിയ പട്ടിക പരിഗണിച്ച് സെര്‍ച്ച് കമ്മിറ്റിയെ സമിതി ചെയര്‍മാന്‍ രൂപീകരിക്കും

dot image

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ടയേര്‍ഡ് ജഡ്ജി സുധാന്‍ഷു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു. ബംഗാള്‍ മോഡല്‍ നടപ്പാക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരും ഗവര്‍ണരും നല്‍കിയ പട്ടിക പരിഗണിച്ച് സെര്‍ച്ച് കമ്മിറ്റിയെ സമിതി ചെയര്‍മാന്‍ രൂപീകരിക്കും. സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ചെയര്‍മാന്റെ വിവേചനാധികാരമായിരിക്കും. സ്ഥിരം വിസിയായി മൂന്ന് പേരുടെ പാനല്‍ ചെയര്‍മാന്‍ തീരുമാനിക്കണം. വിജ്ഞാപനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുകയും വേണം.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സര്‍ക്കാരും ഗവര്‍ണരും ഇന്ന് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഐഐടി, എന്‍ഐടി ഡയറക്ടര്‍മാരുടെ ഉള്‍പ്പെടെ എട്ട് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സുപ്രീംകോടതിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ പത്ത് പേര്‍ അടങ്ങുന്നവരുടെ പട്ടികയും കൈമാറിയിരുന്നു. ജഡ്ജിയെ സമിതി അധ്യക്ഷനാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം സെര്‍ച്ച് കമ്മിറ്റിയില്‍ തുല്യത പാലിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താത്ക്കാലിക വി സി നിയമനം റദ്ദാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുധാന്‍ഷു ധൂലിയയെ സുപ്രീംകോടതി നിയമിച്ചത്.

സെർച്ച് കമ്മിറ്റിയെ സമിതി ചെയർമാൻ രൂപീകരിക്കും. ഒന്നിച്ചോ പ്രത്യേകമായോ സെർച്ച് കമ്മിറ്റിയെ തീരുമാനിക്കാം. സമിതിയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നത് ചെയർമാന്റെ വിവേചനാധികാരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എത്രയും വേഗം സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സൗകര്യമൊരുക്കണം. സ്ഥിരം വിസിയായി മൂന്ന് പേരുടെ പാനൽ തീരുമാനിക്കണമെന്നും വിജ്ഞാപനം ഉൾപ്പടെയുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സർക്കാർ റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം സാവകാശം നൽകിയിട്ടുണ്ട്. സ്ഥിരം വിസിയായി മൂന്ന് പേരുടെ പാനൽ സേർച്ച് കമ്മിറ്റി തീരുമാനിക്കണം. അക്ഷരമാലാ ക്രമത്തിൽ മൂന്ന് പേരുടെ പാനൽ മുഖ്യമന്ത്രിക്ക് നൽകണം. പാനലിൽ നിന്ന് ഒരാളെ വിസിയായി മുഖ്യമന്ത്രി നിർദ്ദേശിക്കണം. മുഖ്യമന്ത്രിയുടെ നിർദ്ദേശം ചാൻസലർ അംഗീകരിക്കണം. നിർദ്ദേശത്തിൽ എതിർപ്പുണ്ടെങ്കിൽ ചാൻസലർ സുപ്രീം കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

സ്ഥിരം വി സിമാരെ നിയമിച്ചതിന് ശേഷം താത്കാലിക വി സിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയ്ക്ക് മുന്നിൽ വന്ന വിഷയം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് സുപ്രീംകോടതി പിന്നീട് പരിഗണിക്കും.

Content Highlights-SC forms search committee headed by justice Sudhanshu Dhulia for kerala university vc appointment

dot image
To advertise here,contact us
dot image