ഡല്‍ഹിയില്‍ കനത്ത മഴയെത്തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണ് അപകടം: രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

മതില്‍ ഇടിഞ്ഞുവീഴുമ്പോള്‍ കുട്ടികള്‍ അതിനടുത്തുളള പടികളില്‍ ഇരിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി

dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെത്തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ ഏരിയയില്‍ വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഒന്‍പതും പത്തും വയസുളള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്. ഡല്‍ഹി വികസന അതോറിറ്റിയുടെ മതിലാണ് തകര്‍ന്നുവീണത്.

ബിഹാറിലെ മധുബാനി, ബെഗുസാരായി നിവാസികളാണ് മരിച്ച കുട്ടികള്‍. മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത കുട്ടികളെ പിസിആര്‍ വാനുകളില്‍ ഉടന്‍ തന്നെ എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതില്‍ ഇടിഞ്ഞുവീഴുമ്പോള്‍ കുട്ടികള്‍ അതിനടുത്തുളള പടികളില്‍ ഇരിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

പ്രദേശത്തുണ്ടായ കനത്ത മഴയും വെളളക്കെട്ടും മൂലം മതില്‍ ദുര്‍ബലമായതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടിഞ്ഞുവീണ മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുളള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞെന്നും സമീപത്തെ മതിലുകളുടെ ബലം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights: Two children die in wall collapse accident in Delhi due to heavy rain

dot image
To advertise here,contact us
dot image