ട്രെയിനിൽ എസി തകരാര്‍; പരിശോധനയിൽ എസി ഡക്ടില്‍ നിന്ന് കണ്ടെത്തിയത് നൂറുകണക്കിന് മദ്യക്കുപ്പികൾ

വീഡിയോ വൈറലായതിന് പിന്നാലെ റെയില്‍വേ പ്രതികരിക്കുകയും ചെയ്തു

dot image

പട്‌ന: ട്രെയിനിലെ എയര്‍ കണ്ടീഷനിംഗ് തകരാറിലായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നൂറ് കണക്കിന് മദ്യക്കുപ്പികൾ. എസി ഡക്ടില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ലഖ്‌നൗ-ബറൗണി എക്‌സ്പ്രസിലാണ് സംഭവം.

എസി-2 ടയര്‍ കോച്ചിലെ യാത്രക്കാരാണ് കൂളിംഗ് സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നടന്ന പരിശോധനയില്‍ 32, 34 ബെര്‍ത്തുകള്‍ക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ച റെയില്‍വേ ടെക്‌നീഷ്യന്‍മാര്‍ പത്രത്തില്‍ പൊതിഞ്ഞ നിലയിൽ വിസ്‌കി കുപ്പികള്‍ കണ്ടെത്തി. വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്.

ഉദ്യോഗസ്ഥര്‍ അനധികൃത മദ്യം കണ്ടുകെട്ടുകയും കൂടുതല്‍ കുപ്പികള്‍ മറ്റിടങ്ങളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ റെയില്‍വേ പ്രതികരിക്കുകയും ചെയ്തു. ബിഹാര്‍ സോന്‍പൂരിലെ റെയില്‍വേ മാനേജർ (ഡിആര്‍എം) ക്ഷമ ചോദിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 'യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. അനധികൃതമായി കണ്ടെത്തിയ മദ്യം ബന്ധപ്പെട്ട അധികാരികള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് എയര്‍ കണ്ടീഷനിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. പ്രശ്‌നം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു', മറുപടിയില്‍ പറയുന്നു.

2016 ഏപ്രില്‍ മുതല്‍ ബിഹാറില്‍ മദ്യവില്‍പ്പന പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മദ്യത്തിന്റെ ദുരുപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാല്‍ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണ് ഉണ്ടായത്.

Content Highlights: Liquor Bottles Found In Train AC Duct After Low Cooling Complaint

dot image
To advertise here,contact us
dot image