വിജയ്‌യും പങ്കെടുക്കില്ല; സ്റ്റാലിന് പിന്നാലെ തമിഴ്‌നാട് ഗവര്‍ണറുടെ വിരുന്ന് ബഹിഷ്‌കരിച്ച് ടിവികെ

റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ നടത്തിയ ചായസല്‍ക്കാരത്തിലും വിജയ് വിട്ടുനിന്നിരുന്നു

dot image

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ സ്വാതന്ത്ര്യദിന വിരുന്നില്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിജയ്‌യും ഗവര്‍ണറുടെ ക്ഷണം നിരസിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ നടത്തിയ ചായസല്‍ക്കാരത്തിലും വിജയ് വിട്ടുനിന്നിരുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ഗവര്‍ണറുടെ വസതിയില്‍ ഒരുക്കിയിരിക്കുന്ന ചായസല്‍ക്കാരത്തിലേക്ക് ടിവികെ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് ഗവര്‍ണര്‍ ആര്‍എന്‍ രവി സ്വീകരിക്കുന്നതിനിലാണ് ബഹിഷ്‌കരണം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സര്‍വ്വകലാശാലകളില്‍ ഈ മാസം നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞദിവസമാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയില്‍ നിന്നും ബിരുദം സ്വീകരിക്കാന്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി വിസമ്മതിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയാണ് ഗവര്‍ണറോടുള്ള എതിര്‍പ്പ് പരസ്യമാക്കി വിദ്യാര്‍ത്ഥിനി രംഗത്ത് വന്നത്.

ഗവര്‍ണറില്‍ നിന്നും ഓരോ വിദ്യാര്‍ഥികളും ബിരുദം സ്വീകരിക്കുന്നതിനിടെ ജീന്‍ ജോസഫ് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനി അദ്ദേഹത്തെ ഗൗനിക്കാതെ വൈസ് ചാന്‍സിലറുടെ അടുത്തെത്തി ബിരുദം സ്വീകരിക്കുകയായിരുന്നു. ഗവര്‍ണറുടെ തൊട്ടടുത്തായിരുന്നു വി സി നിന്നിരുന്നത്. ഗവര്‍ണറില്‍ നിന്നാണ് ബിരുദം സ്വീകരിക്കേണ്ടതെന്ന് ചിലര്‍ പറഞ്ഞെങ്കിലും വേണ്ടെന്ന് തലയാട്ടിയ വിദ്യാര്‍ത്ഥിനി വി സി ചന്ദ്രശേഖറില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വേദിവിട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: TN CM Stalin and Vijay's TVK to boycott Governor's Independence day reception

dot image
To advertise here,contact us
dot image