
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി ലോക്‌സഭയില്‍ തുടങ്ങി. യശ്വന്ത് വര്‍മ്മക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ ഓംബിര്‍ള മൂന്നംഗ സമിതിക്ക് രൂപം നല്‍കി. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ടതാകും സമിതി.
ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മനീന്ദര്‍ മോഹന്‍ ശ്രീവാസ്തവ, മുതിര്‍ന്ന അഭിഭാഷകന്‍ ബി വി ആചാര്യ എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നീക്കങ്ങള്‍. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്ത് പുറത്താക്കണമെന്ന നിലപാടിലാണ് ഭരണപക്ഷവും പ്രതിപക്ഷവും.
കഴിഞ്ഞ ദിവസം ഇംപീച്ച്‌മെന്റ് നടപടി ചോദ്യം ചെയ്ത് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിക്കും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ നല്‍കിയ ശുപാര്‍ശയ്ക്കും നിയമപരമായ അംഗീകാരവും ഭരണഘടനാപരമായ സാധ്യതയുമുണ്ടെന്ന് വിലയിരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. യശ്വന്ത് വര്‍മ്മയെ ശാസിച്ച കോടതി, അദ്ദേഹത്തിന് ഹര്‍ജികള്‍ പരിഗണിക്കാന്‍ യോഗ്യതയില്ലെന്നും നിരീക്ഷിച്ചിരുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ വസതിയിലെ സ്റ്റോര്‍ റൂമിലുണ്ടായ തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സും ഡല്‍ഹി പൊലീസുമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. അതേസമയം തനിക്കെതിരായ ഗൂഢാലോചന എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിയെങ്കിലും നിലവില്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി തുടരുകയാണ് ഇദ്ദേഹം.
Content Highlights- Lok sabha speaker om birla forms panel to probe Justice Yashwant Varma in cash row