ഒമാനിൽ സ്കൂൾ വിദ്യാർത്ഥികളുടെ ബാ​ഗിന്റെ ഭാരം കുറയും; നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് വിദ്യാഭ്യാസ മന്ത്രാലയം പരി​ഗണിച്ചിരിക്കുന്നത്

dot image

ഒമാനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ ബാഗുകളുടെ ഭാരം മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് വിദ്യാഭ്യാസ മന്ത്രാലയം പരി​ഗണിച്ചിരിക്കുന്നത്. നിലവിൽ മാര്‍ക്കറ്റില്‍ ലഭിക്കുന്ന സ്‌കൂള്‍ ബാഗുകളില്‍ പലതും ഭാരം കൂടിയതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണെന്നാണ് കണ്ടെത്തല്‍. ഭാരം കുറഞ്ഞതും തുണികൊണ്ട് നിര്‍മിച്ചതുമായ ബാഗുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ബാഗും ബാഗിലെ പുസ്തകങ്ങളുമടക്കം മൊത്തം ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ അറകള്‍ ഉള്ളതായ ബാഗുകള്‍ ഉപയോഗിക്കുകയും ബാഗിനുള്ളില്‍ പലയിടത്തായി പുസ്തകങ്ങള്‍ വെയ്ക്കുകയും വേണം. ഇതുവഴി ബാഗിനുള്ളിലെ ഭാരം തുല്യമാക്കാനും നടുവേദന ഒഴിവാക്കാനും സാധിക്കും. വിസ്തൃതിയുള്ളതും ക്രമീകരിക്കാന്‍ സാധിക്കുന്നതുമായ ഷോള്‍ഡര്‍ സ്ട്രാപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ തോളിന്റെ അമിത സമ്മര്‍ദ്ദവും കുറക്കാനാകും. മൂന്നോ നാലോ വിഷയങ്ങളുടെ നോട്ടുകള്‍ ഒരു ബുക്കില്‍ എഴുതിയാല്‍ ബുക്ക് വാങ്ങുന്നതിന്റെ ചെലവും ലാഭിക്കാം. ട്രോളി സ്‌കൂള്‍ ബാഗുകള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്നും രക്ഷിതാക്കളോട് മന്ത്രാലയം നിര്‍ദേശിച്ചു. അധികഭാരം വലിച്ചുകൊണ്ട് പോകുന്നത് ഗുണകരമല്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ ദിവസവും പുസ്തകങ്ങള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ലോക്കറുകര്‍ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. അധ്യാപകര്‍ പരസ്പരം സഹകരിച്ച് ഗൃഹപാഠങ്ങള്‍ നല്‍കുകയും ഇലക്ട്രോണിക് പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം. കുട്ടികള്‍ ടൈം ടേബിളുകള്‍ അനുസരിച്ചാണ് പുസ്തകങ്ങള്‍ കൊണ്ട് വരുന്നതെന്ന് ഉറപ്പ് വരുത്തുകയും അനാവശ്യ പുസ്തകങ്ങള്‍ ബാഗിള്‍ വക്കുന്നത് തടയുകയും വേണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികളുടെ ഭക്ഷണപാത്രങ്ങള്‍ പുസ്തക ബാഗില്‍ വെക്കാതെ പ്രത്യേകം കൊണ്ട് പോവണമെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ രക്ഷിതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്.

Content Highlights: School students' bags to be lighter in Oman

dot image
To advertise here,contact us
dot image