
ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി 2025ലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒമ്പതാം തവണയാണ് ഈ നേട്ടം അബുദാബി സ്വന്തമാക്കുന്നത്. 2017 മുതലാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം നിലനിർത്തുന്നത്. അന്താരാഷ്ട്ര റേറ്റിങ് വെബ്സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇൻഡെക്സാണിത്.
ലോകത്തിലെ സുരക്ഷിത നഗരങ്ങളിൽ യുഎഇയിലെ അജ്മാൻ രണ്ടാം സ്ഥാനത്തുണ്ട്. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ ഇടം നേടി.
യുകെ ആസ്ഥാനമായുള്ള ട്രാവൽബാഗ് നടത്തിയ ഒരു പഠനമനുസരിച്ച്, രാത്രിയിൽ തനിച്ച് നടക്കാൻ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാമതെത്തി. 100-ൽ 87 പോയിന്റ് നേടിയാണ് അബുദാബി ഈ നേട്ടം സ്വന്തമാക്കിയത്.
അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങളും തെരുവ് വിളക്കുകളിൽ നിന്ന് ലഭിക്കുന്ന നല്ല വെളിച്ചവും കുറഞ്ഞ കുറ്റകൃത്യനിരക്കും കാരണം താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ ഒരന്തരീക്ഷം അബുദാബി നൽകുന്നതായാണ് പഠനം പറയുന്നത്. നഗരത്തിലെ ശക്തമായ പൊതു സുരക്ഷാ സംവിധാനങ്ങൾ, പ്രത്യേകിച്ച് മനോഹരമായി പ്രകാശമാനമാക്കിയ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് പോലുള്ള സ്ഥലങ്ങളിൽ, രാത്രികാലങ്ങളിൽപോലും ഭയമില്ലാതെ സഞ്ചരിക്കാൻ അനുയോജ്യമാക്കുന്നതായും പഠനം വ്യക്തമാക്കുന്നു.
Content Highlights: UAE shines in global safety rankings with Abu Dhabi, Ajman, Dubai, Sharjah among top 10