അംഗീകാരമില്ലാത്ത 334 പാർട്ടികളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ നിന്ന് 7 പാർട്ടികൾ

2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്

dot image

ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇനി ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക.

രജിസ്ട്രേർഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് കേരളത്തില്‍ നിന്നുള്ള ഒഴിവാക്കിയ പാര്‍ട്ടികള്‍.

ആന്ധ്ര പ്രദേശ്-5, അരുണാചല്‍ പ്രദേശ്-1, ബിഹാര്‍-17, ഛണ്ഡീഗഡ്-2, ഛത്തീസ്ഗഡ്- 9, ഡല്‍ഹി-27, ഗോവ-4, ഗുജറാത്ത്-11, ഹരിയാന-21, ജമ്മു കശ്മീര്‍-3, ജാര്‍ഖണ്ഡ്-5, കര്‍ണാടക-12, മധ്യപ്രദേശ്-15, മഹാരാഷ്ട്ര-9, ഒഡീഷ-5, പോണ്ടിച്ചേരി-1, പഞ്ചാബ്-8, രാജസ്ഥാന്‍-7, തമിഴ്‌നാട്-22, തെലങ്കാന-13, ഉത്തര്‍പ്രദേശ്-115, ഉത്തരാഖണ്ഡ്-6, പശ്ചിമ ബംഗാള്‍-7 എന്നിങ്ങനെയാണ് ഒഴിവാക്കിയ പാർട്ടികളുടെ എണ്ണം.

Content highlights: EC Delists 334 Registered Unrecognised Political Parties 7 from Kerala

dot image
To advertise here,contact us
dot image