
ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ പാകിസ്താന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടുവെന്ന വെളിപ്പെടുത്തലുമായി എയർ ചീഫ് മാർഷൽ എ പി സിങ്. ഇതിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങൾ ആണെന്നും എ പി സിങ്ങ് വ്യക്തമാക്കി. എസ് 400 വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതെന്ന് എ പി സിങ് വ്യക്തമാക്കി. ബെംഗളുരുവിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു എയർ ചീഫ് മാർഷലിന്റെ തുറന്നുപറച്ചിൽ.
യുദ്ധവിമാനങ്ങൾക്ക് പുറമെ ഇന്ത്യ വെടിവെച്ചിട്ട മറ്റൊരു വിമാനം 300 കിലോമീറ്ററുകൾക്കപ്പുറമാണ് ഉണ്ടായിരുന്നത്. എസ് 400 വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഈ വിമാനത്തെ വെടിവെച്ചിട്ടത്. അവ കൃത്യമായി ലക്ഷ്യം കണ്ടുവെന്നും എസ് 400 സംവിധാനം ഒരു 'ഗെയിം ചെയിഞ്ചറാണെന്നും' എ പി സിങ് പറഞ്ഞു. തുടർന്ന് ഇന്ത്യയുടെ ആക്രമണത്തിൽ തകർന്ന മുരിഡ്കെ ഭീകരകേന്ദ്രങ്ങളുടെ ചിത്രങ്ങളും എ പി സിങ് പ്രദർശിപ്പിച്ചു.
പ്രസംഗത്തിനിടെ രാഷ്ട്രീയ നേതൃത്വത്തെയും സിങ് പ്രകീർത്തിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് കാരണം രാഷ്ട്രീയനേതൃത്വം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന് കൃത്യമായ നിർദേശങ്ങൾ ലഭിച്ചു. യാതൊരു തടസ്സങ്ങളും ഉണ്ടായില്ല. എല്ലാ വകുപ്പുകളും തമ്മിൽ കൃത്യമായ ഒത്തൊരുമ ഉണ്ടായിരുന്നുവെന്നും എ പി സിങ് വ്യക്തമാക്കി. തങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. എത്ര മുൻപോട്ട് പോകണം എന്നതെല്ലാം തങ്ങളുടെ മാത്രം തീരുമാനമായിരുന്നു. ഇന്ത്യൻ സൈന്യത്തിന് പാകിസ്താൻ മേൽ കൃത്യമായ മേൽക്കോയ്മ ഉണ്ടായിരുന്നുവെന്നും അതിനാലാണ് നാല് ദിവസത്തിനുള്ളിൽ ഇത്രയേറെ നാശനഷ്ടം ഉണ്ടാക്കാൻ സാധിച്ചതെന്നും എ പി സിങ് കൂട്ടിച്ചേർത്തു.
Content Highlights: AP singh told india shot down five fighter jets of pakistan