
ലഖ്‌നൗ: നവ വധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. മധു സിങ് എന്ന യുവതിയാണ് മരിച്ചത്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അനുരാഗ് സിങിന്റെയും മധുവിന്റെയും വിവാഹം ഈ വർഷം ഫെബ്രുവരിയിലായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ മധുവിനെ അനുരാഗ് ദ്രോഹിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അനുരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 25നായിരുന്നു വിവാഹം. ഹോങ്കോങ്ങ് ആസ്ഥാനമായ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയിലാണ് അനുരാഗ് ജോലി ചെയ്യുന്നത്. വിവാഹ സമയം 15 ലക്ഷമാണ് ഇയാൾ സ്ത്രീധനമായി ആവശ്യപ്പെട്ടത്. വാട്‌സ്ആപ്പിലൂടെ ഇയാൾ പണം ആവശ്യപ്പെടുന്നതിന്റെ തെളിവുകൾ മധുവിന്റെ വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. തങ്ങൾക്ക് അഞ്ച് ലക്ഷം മാത്രമേ നൽകാനാകുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ മറുപടി നൽകിയിട്ടുണ്ട്. 150 അതിഥികളുമായാണ് കല്യാണത്തിനെത്തുന്നതെന്നും ഒരു പൈസ പോലും സ്ത്രീധനത്തിൽ കുറയ്ക്കാൻ സാധിക്കില്ലെന്നും ഇയാൾ മധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഇയാൾ നിരന്തരം സ്ത്രീധനത്തിനായി സമ്മർദം ചെലുത്തുകയും ചെയ്തുവെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ മധുവിന്റെ കുടുംബം പറയുന്നു.
വിവാഹം കഴിഞ്ഞ ശേഷമുള്ള ഹോളി ആഘോഷത്തിനിടയിൽ അനുരാഗ് മധുവിനെ ഉപദ്രവിക്കുകയും പെൺകുട്ടി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. പിന്നാലെ സ്ത്രീധന തുക മധുവിന്റെ പിതാവ് സംഘടിപ്പിച്ച് നൽകി, തുടർന്ന് വീണ്ടും ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയെങ്കിലും മധുവിനെ ഉപദ്രവിക്കുന്നത് അനുരാഗ് തുടർന്നു. വീട്ടുകാരോടോ സുഹൃത്തുക്കളോടോ സംസാരിക്കാൻ അനുരാഗ് മധുവിനെ അനുവദിച്ചിരുന്നില്ലെന്ന് സഹോദരി പ്രിയ പറയുന്നു. അനുരാഗ് വീട്ടിലില്ലാത്തപ്പോഴാണ് മധുവിനോട് സംസാരിക്കാൻ വീട്ടുകാർക്ക് സാധിച്ചത്. ഒരു പാത്രം സ്ഥാനം മാറി ഇരുന്നാൽ പോലും ഉപദ്രവിക്കുന്ന സ്വഭാവമുള്ള അനുരാഗ് മധുവിനെ അയാൾക്കൊപ്പം മദ്യപിക്കാനും നിർബന്ധിച്ചിരുന്നു.
ഫോൺ റെക്കോർഡും ഓൺലൈൻ ഓർഡറുകളും അടക്കം ഇയാൾ മധുവിന്റെ ഫോണിൽ പരിശോധിക്കാറുമുണ്ടായിരുന്നു. അവസാനം അനുരാഗ് തന്നെ മർദിച്ചത് കാർ ഡ്രൈവ് ചെയ്യുമ്പോൾ ഇടതുവശം ചേർന്ന് പോയത് ചില പുരുഷന്മാരെ കണ്ടതുകൊണ്ടാണെന്ന് ആക്ഷേപിച്ചു കൊണ്ടാണെന്ന് പ്രിയയോട് മധു പറഞ്ഞിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡായിരുന്നെന്നും മഴകാരണം വെള്ളം നിറഞ്ഞ റോഡിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഇടതുവശം ചേർന്ന് പോകേണ്ടി വന്നെന്നുമാണ് മധു പ്രിയയോട് പറഞ്ഞത്. വീട്ടിലേക്ക് മധുവിനെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് വീണ്ടും വലിയ പ്രശ്‌നത്തിലേക്ക് വഴിമാറുമെന്ന് പേടിച്ച് അവൾ വരാൻ കൂട്ടാക്കിയില്ലെന്നും പ്രിയ പറയുന്നു.
അനുരാഗിന് അയാളുടെ പഴയ കാമുകിയുമായി ബന്ധമുണ്ടെന്നാണ് പരാതിയിൽ മധുവിന്റെ പിതാവ് ആരോപിക്കുന്നത്. മകൾ ഗർഭിണിയായപ്പോൾ, അനുരാഗ് നിർബന്ധിച്ച് അബോർട്ട് ചെയ്യിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. അനുരാഗ് കാമുകിക്കൊപ്പം സംസാരിച്ച ചാറ്റുകൾ മധു കണ്ടിരുന്നു. മധു മരിച്ച ദിവസം ഇയാൾ വീട്ടു ജോലിക്കെത്തുന്ന സ്ത്രീയോട് വരണ്ടെന്ന് പറഞ്ഞ് മെസേജ് അയച്ചെങ്കിലും അവർ അത് ശ്രദ്ധിക്കാതെ ജോലിക്ക് എത്തി, അവർ ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ലായിരുന്നു. മധു മരിച്ച് അഞ്ച് മണിക്കൂറിന് ശേഷമാണ് വിവരം അവരുടെ വീട്ടിലറിയിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി, മധു ആത്മഹത്യ ചെയ്‌തെന്നാണ് വാദിക്കുന്നത്. എന്താണ് അതിലേക്ക് നയിച്ചതെന്ന ചോദ്യത്തിന് പക്ഷേ അയാൾക്ക് മറുപടിയുമില്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: UP dowry case, 32 year old found dead