
കോട്ടയം: കോട്ടയം ഗിരിദീപം കോളേജില്‍ സീനിയർ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ബ്രോ എന്ന് വിളിക്കേണ്ട ചേട്ട എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞായിരുന്നു മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദനം. മൂക്കിന് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റാഗിങിന് വിധേയനായ വിദ്യാര്‍ത്ഥി സഹപാഠിയുടെ ഫോണില്‍ നിന്നും വിദേശത്തുള്ള തന്റെ പിതാവിനെ വിളിച്ച് മര്‍ദനമേറ്റ വിവരം പറയുകയായിരുന്നു. തുടര്‍ന്ന്, പിതാവ് നാട്ടിലെത്തുകയും, വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെ ഹോസ്റ്റലില്‍ വച്ചാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്റെ മകനെ മര്‍ദിച്ചതെന്നും ബാത്ത്‌റൂമില്‍ കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചു എന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് വ്യക്തമാക്കി.
ഹോസ്റ്റലിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ ആരോപണം. പ്ലസ് ടു വിദ്യാര്‍ത്ഥിയെ ബ്രോ എന്ന് വിളിച്ചതിന്റെ പേരിലായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്.
മര്‍ദനം നടത്തിയ വിദ്യാര്‍ത്ഥിയെ സസ്പന്റ് ചെയ്തു എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. മര്‍ദനമേറ്റതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് സത്യന്‍ വ്യക്തമാക്കി. കാര്യം അറിഞ്ഞ ഉടന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂക്കിന് പരിക്കുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Content Highlight; Ragging Incident Reported at Kottayam's Girideepam College