'എനിക്ക് സൗകര്യമുണ്ടെങ്കില്‍ ഞാനും സ്വീകരണത്തിന് പോകുമായിരുന്നു'; കെ കെ ശെെലജയെ പിന്തുണച്ച് പി ജയരാജൻ

സദാനന്ദന്‍ ക്രമിനല്‍ കേസിലെ പ്രതിയാണെന്നും അതിന് പിന്നിലുള്ള കഥകള്‍ മാധ്യമങ്ങള്‍ മറയ്ക്കുകയാണെന്നും പി ജയരാജന്‍

dot image

കണ്ണൂർ: സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ കെ കെ ശൈലജ ടീച്ചര്‍ സദസില്‍ ഉണ്ടായിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജന്‍. സദാനന്ദന്‍ ക്രമിനല്‍ കേസിലെ പ്രതിയാണെന്നും അതിന് പിന്നിലുള്ള കഥകള്‍ മാധ്യമങ്ങള്‍ മറയ്ക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. സദാനന്ദന്‍ ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദ്ദനനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു. ജനാര്‍ദ്ദനന്റെ മക്കളെ ആര്‍എസ്എസിന്റെ ശാഖയിലേക്ക് കൊണ്ടുപോയത് ചോദ്യം ചെയ്തതിനായിരുന്നു ജനാര്‍ദ്ദനന്റെ കാല്‍ അടിച്ചൊടിച്ചത് എന്നും ജയരാജന്‍ പറഞ്ഞു.

സദാനന്ദന് നേരെ ആക്രമണം നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. സദാനന്ദന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതില്‍ അധ്യാപകരുണ്ട്, പൊതുപ്രവര്‍ത്തകരുണ്ട്, തനിക്ക് സൗകര്യമുണ്ടെങ്കില്‍ താനും സ്വീകരണത്തിന് പോകുമായിരുന്നു എന്നും ജയരാജന്‍ പറഞ്ഞു.

സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് സിപിഐഎം പാർട്ടി ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പിൽ കെ കെ ശെെലജ പങ്കെടുത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. വേണ്ടപ്പെട്ട ആളുകള്‍ കാലുവെട്ടിയാലും തല വെട്ടിയാലും കൈവെട്ടിയെടുത്താലും പാര്‍ട്ടി അവരുടെ കൂടെയാണ്. എന്തൊരു പാര്‍ട്ടിയാണതെന്നായിരുന്നു വി ഡി സതീശന്‍ ചോദിച്ചത്. 'ഇവരൊക്കെ പഠിപ്പിച്ച കുട്ടികളെക്കുറിച്ച് ഓര്‍ത്തിട്ടാണ് എനിക്ക് സങ്കടം വന്നത്. ഇവരൊക്കെയാണല്ലോ പഠിപ്പിച്ചത്. ഒരു അധ്യാപിക എന്ന നിലയ്ക്ക് ഒരിക്കലും അവര്‍ പോകാന്‍ പാടില്ലായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലും പോകരുതായിരുന്നു. ഒരാളുടെ കാലുവെട്ടിയ കേസാണ്. ആ കേസിലെ പ്രതികള്‍ ജയിലില്‍ പോകുമ്പോള്‍ ദുബായ്ക്ക് ജോലിക്കു പോകുമ്പോള്‍ യാത്രയയക്കാന്‍ പോകുന്നതുപോലെ പോയിരിക്കുകയാണ്'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം കെ കെ ശൈലജയും പ്രതികരിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല അവിടെ നടന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകയായാണ് താന്‍ പോയതെന്നും കെ കെ ശൈലജ പറഞ്ഞു. 'കോടതി അവരെ ശിക്ഷിച്ചിട്ടുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ ഇത്തരം കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നവര്‍ അല്ലെന്നാണ് നാട്ടുകാര്‍ക്ക് അറിയുന്നത്. സ്‌കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു. കോടതി വിധി മാനിക്കുന്നു. 30 വര്‍ഷത്തിന് ശേഷം അവര്‍ ജയിലില്‍ പോകുമ്പോള്‍ കുടുംബാംഗങ്ങളും വിഷയത്തിലാണ്. ഇവര്‍ തെറ്റ് ചെയ്തില്ലെന്നാണ് കുടുംബവും വിശ്വസിക്കുന്നത്. പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്നു. യാത്രയയപ്പായി അതിനെ കാണാന്‍ സാധിക്കില്ല'- കെ കെ ശൈലജ പറഞ്ഞു.മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്.

Content Highlight; K K Shailaja Attended Farewell for Accused; P Jayarajan Reacts

dot image
To advertise here,contact us
dot image