'ട്രംപിന്റെ പിഴ തീരുവ അന്യായവും അനീതിയും'; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഈ വിഷയത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് വിദേശകാര്യ മന്ത്രാലയം

dot image

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിഴ തീരുവയില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. അമേരിക്കയുടെ തീരുമാനം അന്യായവും യുക്തി രഹിതവും നീതീകരിക്കപ്പെടാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ കുറച്ച് ദിവസങ്ങളായി അമേരിക്ക ഇന്ത്യയെ ലക്ഷ്യം വെക്കുകയാണ്. ഈ വിഷയത്തില്‍ നേരത്തെ നമ്മുടെ നിലപാട് വ്യക്തമാക്കിയതാണ്. വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യവും ഇതില്‍ ഉള്‍പ്പെടുന്നു', വിദേശകാര്യ മന്ത്രാലയം പറയുന്നു. അമേരിക്കയുടെ നടപടി അങ്ങയറ്റം നിര്‍ഭാഗ്യകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

റഷ്യയില്‍ നിന്ന എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയുമായി ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തിയിരുന്നു. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവില്‍ അറിയിച്ചു. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണി തുടരുന്നുവെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു.

Content Highlights: Ministry of External Affairs about Trump Tarif

dot image
To advertise here,contact us
dot image