'സിറാജിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല'; തുറന്നുപറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

'സിറാജിന്റെ പ്രകടനം അവിശ്വസനീയമാണ്'

dot image

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോൾ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യയുടെ വിജയശിൽപ്പിയായ സിറാജിനെ വാനോളം പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ്. സിറാജിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് സച്ചിന്‍ പറയുന്നത്.

'സിറാജിന്റെ പ്രകടനം അവിശ്വസനീയമാണ്. അദ്ദേഹത്തിന് കളിയോടുള്ള സമീപനവും മികച്ചതാണ്! എനിക്ക് അദ്ദേഹത്തിന്റെ മനോഭാവം ഇഷ്ടമാണ്. നിങ്ങള്‍ക്കെതിരെ ഒരു ഫാസ്റ്റ് ബോളര്‍ സ്ഥിരതയോടെ ഇങ്ങനെ നില്‍ക്കുന്നത് ഒരു ബാറ്റര്‍ക്കും ഇഷ്ടമല്ല. ആദ്യ ദിനം മുതല്‍ അവസാന ദിവസം വരെ ഇതേ മനോഭാവം തുടരാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്. പരമ്പരയില്‍ ആയിരത്തിലേറെ പന്തുകള്‍ എറിഞ്ഞിട്ടും അവസാന മത്സരത്തിലെ അവസാന ദിനം പന്തെറിയുമ്പോഴും 145 കി.മീ വേഗതയില്‍ സിറാജ് എറിയുന്നതിനെ കുറിച്ച് കമന്റേറ്റര്‍മാര്‍ പോലും പറയുന്നത് കേട്ടു. അത് അദ്ദേഹത്തിന്റെ ധൈര്യത്തെയും വലിയ മനസ്സിനെയുമാണ് കാണിക്കുന്നത്', റെഡ്ഡിറ്റിൽ പങ്കുവെച്ച വീഡിയോയിൽ സച്ചിൻ പറഞ്ഞു.

'ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം സിറാജ് ആരംഭിച്ചത് ശ്രദ്ധേയമായിരുന്നു. വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താൻ‌ അദ്ദേഹത്തിന് എപ്പോഴും സാധിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ടീമിന് വേണ്ടി ഇംപാക്ട് ഉണ്ടാക്കാന്‍ എല്ലായ്‌പ്പോഴും സിറാജിന് കഴിയും. അദ്ദേഹം പുറത്തെടുക്കുന്ന പ്രകടനം വെച്ച് നോക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം സിറാജിന് ലഭിച്ചിട്ടില്ല,' സച്ചിന്‍ പറഞ്ഞു.

23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് മുഹമ്മദ് സിറാജ് . ഇരു ടീമുകളും എടുത്താല്‍ അഞ്ച് മത്സരങ്ങളും കളിച്ച ഏക പേസറും മുഹമ്മദ് സിറാജാണ്. 1113 പന്തുകളാണ് സിറാജ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ എറിഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബോളറേക്കാള്‍ 361 പന്തുകള്‍ കൂടുതല്‍ എറിഞ്ഞു.

Content Highlights: Doesn't Get The Credit He Deserves; Sachin Tendulkar Praises Siraj After Oval Heroics

dot image
To advertise here,contact us
dot image