
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിൽ നടി ശ്വേതാ മേനോനെതിരെ ഉയർന്ന പരാതി വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാലിപ്പോൾ ഈ പരാതിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.
പാലേരിമാണിക്യം. രതിനിർവേദം, കളിമണ്ണ് തുടങ്ങിയ സിനിമകളെ ചൂണ്ടിക്കാണിച്ചാണ് നടിക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. മലയാളത്തിലെ തന്നെ പേരുകേട്ട സംവിധായകരും പ്രൊഡക്ഷൻ ഹൗസുകളുമൊരുക്കിയ ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത, പ്രേക്ഷകർ വിജയിപ്പിക്കുകയും ചെയ്ത ചിത്രങ്ങളാണ് ഇത് മൂന്നും. ടെലിവിഷനിൽ ഉൾപ്പെടെ നിരവധി തവണ സംപ്രേക്ഷണം ചെയ്യുകയും ചെയ്ത ഈ സിനിമകൾക്കെതിരെ ഇപ്പോൾ ഇത്തരം ഒരു പരാതി ഉയർന്നിരിക്കുന്നത്തിന്റെ ഉദ്ദേശശുദ്ധിയെ ആളുകൾ ചോദ്യം ചെയ്യുന്നുണ്ട്.
ശ്വേത മേനോനെ പോലൊരു നടിയുടെ കരിയർ ഡിഫൈൻ ചെയ്യുന്ന ചിത്രങ്ങളായും കഥാപാത്രങ്ങളായും ഇതിനെ എല്ലാം തീർച്ചയായും ഉൾപ്പെടുത്താവുന്നതാണ്. കഥയും കഥാപാത്രവും ആവശ്യപ്പെടുന്ന തരത്തിലായിരുന്നു ശ്വേതാ മേനോൻ ഈ റോളുകളെ അതിന്റെ പൂർണതയിലെത്തിച്ചത്. ബാർ ഡാൻസർ ആയിട്ടായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയിൽ ശ്വേതാ മേനോൻ എത്തിയിരുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന അത്തരമൊരു കഥാപാത്രം ഒരു നടി അവതരിച്ചത് എങ്ങനെയാണ് 'അശ്ലീല ചിത്ര'മെന്നും, വേഷമെന്നും കണക്കാനാകുക. അങ്ങനെയെങ്കിൽ ഇന്ത്യൻ സിനിമയിൽ ബാർ ഡാൻസർ ആയും, സെക്‌സ് വർക്കറായും ഒക്കെ വേഷമിട്ട സകല നടീ നടൻമാർക്കെതിരെയും കേസെടുക്കുമോ?.
സെൻസർ ബോർഡിന്റെ മാനദണ്ഡങ്ങൾ എല്ലാം പാലിക്കപ്പെട്ട, അവർ അംഗീകാരം നൽകിയതിന് ശേഷം മാത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ സിനിമകളാണ് ഇവയെല്ലാം. സെൻസർ ബോർഡിന്റെ നിയമങ്ങൾക്ക് മുന്നിൽ അക്കാലത്തെ വ്യവസ്തകൾ വെച്ച് യാതൊരു പ്രശ്‌നവും തോന്നാതിരുന്ന ചിത്രം ഇന്ന് അശ്ലീലമാണെന്ന് ഉന്നയിക്കുന്നതിന്റെ കാരണം പിടിക്കിട്ടാത്തതാണ്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ കഥാപാത്രങ്ങൾ വർഷങ്ങൾക്കിപ്പുറം 'അശ്ലീല ചിത്രം' എന്ന പേരിൽ പരാതി ആയി ഉയർന്നു വരുന്നതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. അങ്ങനെയെങ്കിൽ ലൈംഗികതൊഴിലാളി ആയി അഭിനയിച്ചതിന്റെ പേരിൽ ആലിയ ഭട്ടിനെതിരെയും കരീന കപൂറിനെതിരെയും അടക്കം പല അഭിനേതാക്കളുടെ മേൽ ഇന്ന് കേസ് ചുമത്തേണ്ടി വരും.
പരാതിയിലെ മറ്റൊരു കാര്യാണ് ഗർഭനിരോധന ഉറയുടെ പരസ്യം. ലോകത്ത് എല്ലായിടത്തും വൻ തോതിൽ വിൽക്കപ്പെടുന്ന ഒരു പ്രൊഡക്ടാണ് ഗർഭ നിരോധന ഉറകൾ. പോപ്പുലേഷൻ നിയന്ത്രിക്കാനായി പല രാജ്യങ്ങളും ഇതിന് വ്യാപകമായ പരസ്യവും നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രൊഡക്ടിന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിൽ പരാതിക്കാരൻ കാണുന്ന പ്രശ്നം എന്താണെന്ന് വ്യക്തമാകുന്നില്ല. ഒരു അഭിനേതാവെന്ന നിലയിൽ ഇന്ത്യ രാജ്യവും ഭരണഘടനയും എതിർക്കാത്ത എന്തിലും ശ്വേതക്ക് അഭിനയിക്കാം. അതിപ്പോൾ സിനിമയായാലും, സീരിയലിലായും, ഷോർട്ട് ഫിലിമിലായാലും, പരസ്യ ചിത്രങ്ങളായും അത് അവരുടെ മാത്രം താത്പര്യമാണ്.
ജോലിയെടുത്താൽ ശമ്പളം കൈപറ്റാമെന്നുള്ളത് പോലെ ശ്വേത മേനോന് അവരുടെ തൊഴിലായ അഭിനയത്തിനും പണം വാങ്ങാം, അത് അവരുടെ ജീവിത മാർഗമാണ്. കാർത്തിക് ആര്യൻ, രൺവീർ സിംഗ്, ശോഭിത ധൂലിപാല തുടങ്ങിയ മുൻനിര താരങ്ങളടക്കം ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുള്ളവരാണെന്നും വെറുതെ ഒന്ന് ഓർമിപ്പിക്കുന്നു. അവരും അതിൽ നിന്നും പണമുണ്ടാക്കിയോ എന്നുള്ളത് പരാതിക്കാരന് തിരക്കാം. ഇനി മലയാളിയായ ശ്വേതാ മേനോൻ അഭിനയിച്ച പരസ്യമാണോ വിഷയം?
അതേസമയം, ശ്വേത മേനോൻ താരസംഘടനയായ A.M.M.Aയുടെ പ്രസിഡൻറ് സ്ഥാനത്ത് മത്സരിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു കേസ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നടൻ ജഗദീഷ് പിന്മാറിയതോടെ ശ്വേത മേനോൻ സംഘടനയുടെ പ്രസിഡന്റാകാൻ സാധ്യതകൾ ഏറെയാണ്. പുരുഷ കേന്ദ്രീകൃതമായ ഒരു സംഘടനയുടെ തലപ്പത്തേക്ക് സിനിമ മേഖലയിൽ ഇത്രയധികം പരിചയസമ്പത്തുള്ള ഒരു സ്ത്രീ കടന്നുവരാനിരിക്കെ അവരെ മനഃപൂർവം ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണോ ഇതെന്ന് ആളുകൾ സംശയം പ്രകടിപ്പിച്ചാലും തെറ്റില്ല. മേൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇത് സ്വാഭാവികമായി ഉണ്ടായ ഒരു പരാതി അല്ലെന്നും ശ്വേതാ മേനോൻ എന്ന വ്യക്തിയെ ഉന്നംവെച്ചുള്ളതാണെന്ന് ഏതൊരു സാധാരണക്കാരനും മനസിലാകും. അതോടൊപ്പം ഇതെല്ലാം വിരൽ ചൂണ്ടുന്നത് A.M.M.A ഇലക്ഷനിലേക്കാണെന്നതും ഒരു വസ്തുതയാണ്.
Content Hightights: Case against Shwetha Menon reasons