'അമേരിക്ക ഇന്ത്യയ്ക്ക് മേൽ നടത്തുന്നത് സാമ്പത്തിക ബ്ലാക്ക്‌മെയിലിങ്'; വിമർശനവുമായി രാഹുൽ ഗാന്ധി

'മൈ ഫ്രണ്ട്' എന്നായിരുന്നു വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി മോദിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്

dot image

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നേരെ അധിക പകരംതീരുവ ചുമത്തിയ യുഎസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നടപടി അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്‌മെയിലിങ്ങാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

അതേ സമയം, അമേരിക്ക ഇന്ത്യയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും പുതിയ വ്യാപാര പങ്കാളികളെ ഇന്ത്യ കണ്ടത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ എം പി വ്യക്തമാക്കി. 'യുറേനിയം, പല്ലേഡിയം, എന്നിവ അമേരിക്ക റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈനക്കാര്‍ നമ്മളേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ് പക്ഷെ ചൈനക്കാര്‍ക്ക് 90 ദിവസത്തെ ഇടവേള അവര്‍ നല്‍കിയിട്ടുണ്ട്. അമേരിക്ക നമ്മുടെ രാജ്യത്തോട് നല്ല സൗഹൃദം പുലര്‍ത്തുന്നവരാണെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ ചെയ്തത് സൗഹൃദപരമായ പ്രവൃത്തിയല്ല. ഈ അനുഭവത്തില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കേണ്ടതുണ്ടെന്നും തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

'മൈ ഫ്രണ്ട്' എന്നായിരുന്നു വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മോദിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ട്രംപിനെ മോദി മൈ ഫ്രണ്ട് എന്ന് അഭിസംബോധന ചെയ്തതിനെ പരിഹസിച്ചാണ് വി ശിവന്‍കുട്ടിയുടെ കുറിപ്പ്. റഷ്യയില്‍ നിന്ന എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവില്‍ അറിയിച്ചു. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണി തുടരുന്നുവെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു.

ഏഷ്യയിലെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തീരുവ ഇന്ത്യയ്ക്കാണ് ചുമത്തിയത്. പാകിസ്താന് 19 ശതമാനം തീരുവയാണ് ചുമത്തിയത്. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യ താല്‍പര്യമാണ് ഒന്നാമതെന്നും കേന്ദ്രം അറിയിച്ചു. ഈ മാസം 25ന് അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തുമെന്നും ചര്‍ച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 24 മണിക്കൂറിനുളളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുളള ഇറക്കുമതി തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. 'ഇന്ത്യ ഒരിക്കലും ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാല്‍ 25 ശതമാനം തീരുവ എന്നതില്‍ നിര്‍ത്തിയതാണ്. പക്ഷെ അടുത്ത 24 മണിക്കൂറില്‍ അത് ഗണ്യമായി ഉയര്‍ത്താനാണ് തീരുമാനം. കാരണം അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയാണ്', എന്നായിരുന്നു ട്രംപ് പറഞ്ഞത്.

Content Highlights- 'America is carrying out economic blackmail on India'; Rahul Gandhi criticizes

dot image
To advertise here,contact us
dot image