
ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് മുസ്‌ലിം പ്രധാനാധ്യാപകനെ നീക്കുന്നതിനായി വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയതില്‍ തീവ്ര വലതുപക്ഷ സംഘടനയായ ശ്രീറാം സേനയിലെ അംഗവും പ്രതി. ബെലഗവി ജില്ലയില്‍ കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത്. സംഭവത്തില്‍ ശ്രീറാം സേനയിലെ പ്രാദേശിക നേതാവടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീറാം സേന നേതാവ് സാഗര്‍ പട്ടീല്‍, നാഗനഗൗഡ പട്ടീല്‍, കൃഷ്ണ മദാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകനായ സുലെമാന്‍ ഗൊരിനായികിനെതിരെ സംശയം സൃഷ്ടിക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഹുലികട്ടിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ 13 വര്‍ഷമായി ജോലി ചെയ്യുകയാണ് സുലെമാന്‍. അദ്ദേഹത്തിന്റെ പേര് മോശമാക്കാനും സ്ഥലം മാറ്റാനുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കുന്നു.
സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളം കുടിച്ച് 12 സ്‌കൂള്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കുട്ടികളുടെ സ്ഥിതി ഇപ്പോള്‍ സാധാരണനിലയിലായെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇതിന് പിന്നിലെന്ന് മനസിലായി. പിന്നാലെ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെട്ട കുപ്പി ഒരാൾ നൽകിയതായി വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. അത് വാട്ടര്‍ ടാങ്കിലിടാൻ അയാൾ പറഞ്ഞതായും വിദ്യാർത്ഥി വ്യക്തമാക്കി. വിശദമായ അന്വേഷണത്തിലാണ് കൃഷ്ണ മദാര്‍ ആണ് വിഷം നൽകിയതെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമ്മര്‍ദത്തിന് പുറത്താണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
കൃഷ്ണ മദാറിന്റെ ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയം മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്ന് സാഗര്‍ പട്ടീലും നാഗനഗൗഡ പട്ടീലും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സാഗര്‍ പട്ടീലാണ് ഇതിന്റെ സൂത്രധാരന്‍. ഒരു മുസ്‌ലിം സ്‌കൂള്‍ പ്രധാനാധ്യപകനായി പ്രവര്‍ത്തിച്ചതില്‍ തനിക്ക് പകയുണ്ടെന്ന് വെളിപ്പെടുത്തിയ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. മതവിദ്വേഷവും മതമൗലികവാദവും പ്രേരിപ്പിക്കുന്ന ഹീനമായ പ്രവര്‍ത്തിയാണിതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഈ കുറ്റകൃത്യം സാമുദായിക സൗഹാര്‍ദത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Water tank poisoned to force Muslim HM to be transferred Sri Ram Sena leader arrested in Karnataka