
തിരുവനന്തപുരം : തിരുവനന്തപുരം കോവളത്ത് വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി സ്വർണാഭരണവും പണവും കവർന്നകേസിൽ 19കാരന്‍ അറസ്റ്റില്‍. വെള്ളാറിലെ മൂപ്പൻവിള അനിൽ ഭവനിൽ അരുണിനെ(19)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കോവളം പൊലീസ് അറിയിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവുമാണ് പ്രതി കവർന്നത്.
കഴിഞ്ഞ 30 ന് പുലർച്ചെയാണ് സംഭവം. വീടിൻ്റെ പിൻവാതിൽ പൊളിച്ചാണ് പ്രതി അകത്തുകയറിയത്. ഹാർബർ റോഡിൽ വട്ടവിള ഹീരയിൽ അമീലാ സലാമിൻ്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആറുഗ്രാം സ്വർണവും 40,000 രൂപയുമാണ് പ്രതി മോഷ്ടിച്ചത്. തമിഴ്നാട്ടിൽ പ്രതി നടത്തിയ വാഹന മോഷണ കേസുമായി ബന്ധപ്പെട്ട് കോവളം പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
Content Highlight : A 19-year-old man was arrested in Kovalam for breaking open the back door of a house and stealing gold ornaments and money