
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ഇന്നലെ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലോകേഷ് സ്റ്റൈലിലുള്ള ഒരു പക്കാ ആക്ഷൻ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇപ്പോഴിതാ ട്രെയ്‌ലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവൻ ആമിർ ഖാൻ ആണ്.
ട്രെയ്‌ലറിലുള്ള നടന്റെ ലുക്കിൽ അന്തം വിട്ട് ഇരിയ്ക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ നടന്റെ മേക്ക് ഓവർ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവത്തകർ. കഴിഞ്ഞ കുറച്ച് കാലമായി ആമിർ ഖാൻ ഫീൽഡ് ഔട്ട് ആയെന്ന് പറഞ്ഞ സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ കൂലിയിലെ നടന്റെ ലുക്കിലും പ്രകടനത്തിന് മുന്നിലും ഞെട്ടിയിരിക്കുകയാണ്. ട്രെയ്ലർ ലോഞ്ച് വേദിയിലും നടൻ എത്തിയത് സിനിമയിലെ വില്ലൻ വേഷത്തിൽ തന്നെ ആയിരുന്നു.
അതേസമയം, ദഹാ എന്നാണ് കൂലിയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആമിർ ഖാൻ രജിനികാന്തിനൊപ്പം കുറച്ച് സമയം മാത്രമാണ് സ്ക്രീൻ ഷെയർ ചെയ്യുന്നതെങ്കിലും പവർ ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് ട്രെയ്ലർ നൽകിയ സൂചന.
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.
Content Highlights: Aamir Khan's coolie movie makeover video released by the team