അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോ​ഗസ്ഥൻ

ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് ജൂലൈ 26നായിരുന്നു സംഭവം

dot image

ന്യൂഡൽഹി: ശ്രീനഗർ വിമാനത്താവളത്തിൽ അമിത ലഗേജിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സൈനിക ഉദ്യോ​ഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ ജീവനക്കാർക്ക് തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റുവെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് ജൂലൈ 26നായിരുന്നു സംഭവം.

16 കിലോ ക്യാബിന്‍ ലഗേജായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നത്. ഏഴ് കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ സൈനിക ഉഗ്യോഗസ്ഥന്‍ ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. കയ്യിൽ കിട്ടിയ പരസ്യ ബോർഡ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോർഡിങ് ഗേറ്റിൽ വെച്ചാണ് തർക്കം ആരംഭിച്ചത്. ഉദ്യോഗസ്ഥന്‍റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

Content Highlight : Army officer attacks SpiceJet employees at Srinagar airport over excess baggage issue

dot image
To advertise here,contact us
dot image