
റായ്പൂര്‍: ജയില്‍മോചിതരായ കന്യാസ്ത്രീകള്‍ക്കെതിരായ കേസുമായി ബജ്‌റംഗ്ദള്‍
മുന്നോട്ടുപോകുമെന്ന് ആര്‍എസ്എസ് ചിന്തകനും മീഡിയാ ഇന്‍ ചാര്‍ജുമായ ഡോ. അനില്‍ ദ്വിവേദി. ഹിന്ദു ധര്‍മത്തിനായാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തിക്കുന്നത്. ഛത്തീസ്ഗഡില്‍ ചില മിഷനറികള്‍ മതപരിവര്‍ത്തനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അനില്‍ ദ്വിവേദി പറഞ്ഞു. മതപരിവര്‍ത്തനത്തിനും നക്‌സലിസത്തിനുമെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അനില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'കന്യാസ്ത്രീകള്‍ക്ക് ജാമ്യം കൊടുത്തു. അവര്‍ പുറത്തിറങ്ങി. അതിനര്‍ത്ഥം കേസ് അവസാനിച്ചു എന്നല്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബജ്‌റംഗ്ദള്‍ ഹിന്ദു ധര്‍മത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ പ്രതിഷേധിക്കാനുളള അവകാശം ബജ്‌റംഗ്ദളിനുണ്ട്.'-അനില്‍ ദ്വിവേദി പറഞ്ഞു.
കന്യാസ്ത്രീകൾ നിരപരാധികളാണെന്നും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. റിപ്പോർട്ടർ ടിവിയോടായിരുന്നു പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തില്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. 'സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നൽകാമെന്നും ഉറപ്പ് നല്‍കിയിരുന്നു. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല'- പെൺകുട്ടികൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
'സത്യം പറയരുതെന്നും താന്‍ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശര്‍മ പറഞ്ഞു. പൊലീസും ഭീഷണിപ്പെടുത്തി. വീട്ടില്‍ പോകണോ ജയിലില്‍ പോകണോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ചെറുപ്പം മുതല്‍ ഞങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവര്‍ത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണ്. ജോലി ചെയ്ത് കുടുംബം പോറ്റണം. സംരക്ഷിക്കാം, ജോലി നല്‍കാം എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. പഠിപ്പിക്കാം എന്നും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു'-പെൺകുട്ടികൾ പറഞ്ഞു. നാരായണ്‍പൂരില്‍ സിപിഐയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടികള്‍ ഉള്ളത്.
Content Highlights: Will proceed with case against nuns says chhattisgarh Bajrang Dal leader