
പാട്ന: ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന് നേരെ വധശ്രമമെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രി റാബ്റി ദേവി. ബിജെപിയും ജെഡിയുവും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് റാബ്റി ദേവി ആരോപിക്കുന്നത്. നാല് തവണ തേജസ്വി യാദവിനെതിരെ കൊലപാതക ശ്രമം നടന്നുവെന്നാണ് റാബ്റി ദേവി ആരോപിക്കുന്നത്. വീടിനകത്ത് വെച്ച് പോലും വധശ്രമമുണ്ടായി. ഏതാനും മാസം മുൻപുണ്ടായ അപകടത്തിലും റാബ്റി ദേവി സംശയം പ്രകടിപ്പിച്ചു. ബിജെപിയും ജെഡിയുവും ഗൂഢാലോചന നടത്തുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയാമെന്നും റബ്റി ദേവി കൂട്ടിച്ചേർത്തു.
എന്നാൽ ബിഹാറിലെ ബിജെപി അധ്യക്ഷൻ ദിലീപ് കുമാർ ജെയ്‌സ്വാൾ റാബ്റി ദേവിയുടെ ആരോപണം തള്ളി രംഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ബിജെപി ബിഹാർ അധ്യക്ഷൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് പൊതുജനങ്ങളുടെ സിമ്പതി പിടിച്ച് പറ്റുന്നതിനായി ആർജെഡി കഥകൾ മെനയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേജസ്വി യാദവിന് വൈ കാറ്റഗറി സുരക്ഷയുണ്ടെന്നും യഥാർത്ഥത്തിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്നും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും ദിലീപ് കുമാർ ജെയ്സ്വാൾ ചൂണ്ടിക്കാണിച്ചു.
ബിഹാറില വോട്ടർപട്ടികാ പരിഷ്കരണത്തിനെതിരെ ആർജെഡി രംഗത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് റാബ്റി ദേവിയുടെ ആരോപണം എന്നതാണ് ശ്രദ്ധേയം. നാൽപ്പത് മില്യൺ ആളുകൾക്ക് ബിഹാറിൽ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് ആർജെഡി ആരോപിക്കുന്നത്. ജനാധിപത്യ അവകാശങ്ങൾക്ക് നേരെ അക്രമണം നടക്കുന്നുവെന്ന ആരോപിച്ച് ആർജെഡി എംഎൽഎംമാർ അഞ്ച് ദിവസത്തോളം നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധിച്ചിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ബിഹാറിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്നും ആർജെഡി ആരോപിച്ചിരുന്നു. ഇതിനിടെ ബിജെപി-ജെഡിയു എംഎൽഎമാർ തലയിൽ ഹെൽമെറ്റ് വെച്ച് നിയമസഭയിൽ എത്തിയതും ശ്രദ്ധേയമായിരുന്നു. ആർജെഡി അംഗങ്ങളിൽ നിന്ന് ശാരീരിക ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് ഹെൽമറ്റ് ധരിച്ചെത്തിയതെന്നായിരുന്നു ഭരണപക്ഷ എംഎൽഎമാരുടെ നിലപാട്.
Content Highlights: Rabri Devi alleges life threat to son Tejashwi Yadav from BJP, JD(U)